Wednesday, October 13, 2010

തെരഞ്ഞെടുപ്പ്

Tuesday, June 26, 2007

അടിയന്തരാവസ്ഥയുടെ വാര്‍ഷികം / ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

1975 ജൂണ്‍ 25, അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ച് ആ ദിവസമാണ്, രാഷ്ട്രപതി ശ്രീ ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഭരണഘടനയുടെ മുന്നൂറ്റി അന്‍പത്തിരണ്ടാം (352) അനുച്ഛേദപ്രകാരം ഇന്ത്യാ മഹാരാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 27ന് രാത്രി, ഭരണഘടനയുടെ 359 (1) മത്തെ അനുച്ഛേദപ്രകാരം ഇന്ത്യന്‍ പൌരന്മാരുടെ മൌലികാവകാശങള്‍ സസ്പെന്റ് ചെയ്യപ്പെട്ടു. സമത്വത്തിനുള്ള അവകാശം, ജീവനും, വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, അന്യായമായ അറസ്റ്റിനും, തടങ്കലിനും എതിരായ സംരക്ഷണം എന്നിവയാണ് രാഷ്ട്രപതിയുടെ ഈ പ്രഖ്യാപനം മൂലം സസ്പെന്റ് ചെയ്യപ്പെട്ടത്. ജൂണ്‍ 29ന് ആഭ്യതര സുരക്ഷിതത്വ നിയമം, (മിസ) ഓര്‍ഡിനന്‍സിറങി. ജൂലയ് 16നും, പിന്നീട് ഒക്റ്റോബര്‍ 17നും കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ മിസ ഭേദഗതി ചെയ്യപ്പെട്ടു. ഇതു കൂടാതെ അടിയന്തിരാവസ്ഥകാലത്ത് ഭരണഘടന തന്നെ അഞ്ചു പ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥ പ്രഖ്യാപനെത്തെയോ, മൌലികാവകാശങള്‍ സസ്പെന്റ് ചെയ്തതിനെയോ, കോടതിയില്‍ ചോദ്യം ചെയ്യുന്നത് നിരോധിക്കുന്ന മുപ്പത്തിയെട്ടാം ഭേദഗതി, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ തെരഞ്ഞെടുപ്പിനെതിരെ കോടതിയില്‍ നിയമനടപടിക്ക് മുതിരുന്നത് നിരോധിക്കുന്ന മുപ്പത്തി ഒന്‍പതാം ഭേദഗതി എന്നിവയായിരുന്നു ഈ ഭേദഗതികളില്‍ പ്രധാനപ്പെട്ടത്. മുപ്പത്തി ഒന്‍പതാം ഭേദഗതിയുടെ ബലത്തിലാണ് ശ്രീമതി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് കേസ് ജയിച്ചത്. മൌലികാവകാശങള്‍ സസ്പെന്റ് ചെയ്യപ്പെട്ട സ്ഥിതിക്ക് കരുതല്‍ തടവുകാര്‍ക്ക് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുക്കാനാവില്ലെന്നും കോട്തി വിധി വന്നിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അല്പ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ ഒട്ടാകെ ജയിലിലായി കഴിഞ്ഞിരുന്നു. വിദേശ മാധ്യമ പ്രതിനിധികളെ രാജ്യത്തിന് പുറത്താക്കുക ഉള്‍പ്പടെയുള്ള മാധ്യമ സെന്‍സര്‍ഷിപ്പും നിലവിലില്‍ വന്നു. 1975 ഡിസംബര്‍ 8ന് പത്ര മാരണ ഓര്‍ഡിനന്‍സുകള്‍ മൂന്നെണ്ണം പുറത്തു വന്നു. 208 പത്രങളും, 1434 ആഴ്ചപതിപ്പുകളും അടച്ചുപൂട്ടേണ്ടി വന്നു.
ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ, നാവടക്കൂ, പണിയെടുക്കൂ എന്ന മുദ്രാവാക്യങള്‍ നിറഞ്ഞ ചുമരുകളും, സമയത്തിനോടിയ ട്രെയിനുകളും, നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും, സമരങളില്ലാത്ത ഫാക്ടറികളും, കോളേജുകളും, ശാന്തമായ റോഡുകളും, സമാധാനത്തിന്റെയും, വികസനത്തിന്റെയും, വാര്‍ത്തകള്‍ മാത്രം ഉള്ള പത്രങളും, അങിനെ പെറ്റി ബൂര്‍ഷ്വകളുടെ ഒരു സ്വപ്ന ലോകം നിലവില്‍ വന്ന പ്രതീതിയായിരുന്നു. കേരളത്തിലാണെങ്കില്‍ ഭരിക്കുന്നത്, വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമസാത്വികനായ നേതാവ്, ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്നു പോലും അറിയപ്പെട്ടിരുന്ന ശ്രീ അച്യുതമേനോനും, ആഭ്യന്തര മന്ത്രിയായി, ശ്രീ കരുണാകരനും, ആനന്ദലബ്ധിക്കിനി എന്തു വേണമെന്ന നിലയിലായിപ്പോയീ, മലയാളി മധ്യ വര്‍ഗ്ഗം. അന്ന് അടിയന്തിരാവസ്ഥയെ പിന്‍ തുണച്ചിരുന്ന ശ്രീ എസ്. ഗുപ്തന്‍ നായര്‍ എഴുതിയത്, ഇങിനെയാണ്. “അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇത് സമ്മതിക്കാന്‍ മടിയുമില്ലാ. .. നമ്മുടെ ജനാധിപത്യം ഇങനെ സര്‍വ്വ്സ്വതന്ത്രമായി, തോന്ന്യാസമായി മുന്നോട്ട് പോയാല്‍ നാം എവിടെയെത്തും? സംഘടിതരായ ന്യൂനപക്ഷങള്‍ -ചെറിയ ഗ്രൂപ്പുകള്‍ -അസംഘടിതരായ ഭൂരിപക്ഷത്തെ -ബഹുജനത്തെ -ഭീഷണിപ്പെടുത്തി ഈ രജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ തുടങിയിട്ട് എത്ര നാളായി? സമരം-എന്തിനും സമരം എന്ന അവസ്ഥയില്‍ എല്ലാം സ്തംഭിച്ച് നില്‍ക്കുകയല്ലേ? .. ഈ അരാജകത്വത്തില്‍ നിന്നും നമുക്ക് മോചനം വേണ്ടേ? ..” ശ്രീ ഗുപ്തന്‍ നായരുടെ വാക്കുകള്‍, നമുക്ക് അന്ന് മലയാളി മധ്യവര്‍ഗ്ഗങള്‍ എങിനെ ചിന്തിച്ചു എന്നും ഇക്കാലത്തും നമ്മുടെ മധ്യവര്‍ഗ്ഗങള്‍ ഫാസിസത്തിന് അനുകൂലമായി എങിനെ ചിന്തിക്കുന്നു, എന്നും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായേക്കും എന്ന് കരുതുന്നു.

Monday, April 23, 2007

സൌദി അറേബ്യ- തബൂക്-ഓര്‍മ്മകള്‍-3

ജെദ്ദയില്‍ താമസം താരതമേന്യ സുഖകരമായിരുന്നു. ജെദ്ദയില്‍ നിന്നും അല്പം അകലെയായി obhar എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കോമ്പൌണ്ടിലായിരുന്നു ഞങളുടെ വില്ല. മൊത്തം മുന്നൂറ് വില്ലകളുള്ള ഒരു കോമ്പൌണ്ട് ആയിരുന്നു അത്. ഭൂരിപക്ഷം താമസക്കാരും അമേരിക്കക്കാരും. വില്ലകളില്‍ താമസമുള്ള ഏക ഇന്ത്യക്കാരന്‍ ഞാന്‍ മാത്രമായിരുന്നു എന്നാതിനാല്‍ ആദ്യമൊക്കെ ഒരു വിമ്മിഷ്ടം തോന്നിയിയിരുന്നു എങ്കിലും പിന്നീട് അത് കുറഞ്ഞു വന്നു. എല്ലാ സൌകര്യങളുമുള്ള വില്ലയായിരുന്നു ഞങളുടേത്. താമസക്കാര്‍ ഞാനും , ഞങളുടേ അമേരിക്കന്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയ ജെ.ബി യും, ഞങളുടെ ഫിലിപ്പിനോ ഡ്രൈവര്‍ ആയ ഓര്‍ലിയും മാത്രം. അരാംകൊയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ എല്ലാ റിഫൈനറികളിലും, ബള്‍ക്ക്പ്ലാന്റുകളിലും, പമ്പിങ് സ്റ്റേഷനുകളിലും ഞങള്‍ക്ക് കോണ്ട്രാക്റ്റ് ഉണ്ടായിരുന്നെങ്കിലും , കൂടുതലും ഞങള്‍ ജോലിക്ക് പോയിരുന്നത്, ജെദ്ദ റിഫൈനറിയിലും, ജെദ്ദയ്ക്ക് അടുത്തുള്ള റാബിക്ക് റിഫൈനറിയിലും ആയിരുന്നു. പൌരാണികതയും, ആധുനികതയും ഒരുപോലെ കാണാവുന്ന ജെദ്ദ മനോഹരമായ ഒരു നഗരമായിരുന്നു. താരതമ്യേന ലിബറെല്‍ ആയ ഒരു നഗരമായിരുന്നു ജെദ്ദ. മുത്തവകളുടെ ശല്യം ഇല്ല എന്നില്ല എങ്കിലും സൌദിയുടെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. പകല്‍ ജോ‍ലി കഴിഞ്ഞ് വൈകുന്നേരങളില്‍ ജെദ്ദയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബലദിലെ ഷോപ്പിങ് മാളുകളിലും, അവിടുത്തെ പഴയ സൂക്കിലും കറങി നടന്ന് രാത്രി വളരെ വൈകി വില്ലയിലേക്ക് തിരുക്കുക എന്നതാ‍യിരുന്നു ഞങളുടെ പതിവ്.

അങിനെയിരിക്കെ ഒരു ദിവസമാണ് ഞങള്‍ക്ക് തബൂകിലെ അരാംകൊ പ്ലാന്റില്‍ നിന്നും ഒരു വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചത്. തബൂക് , ജോര്‍ദ്ദാനുമായി അതിര്‍ത്തി പങ്കിടുന്ന സൌദിയുടെ വടക്കന്‍ പ്രവിശ്യയാണ്. ഇതിനുമുന്‍പ് തബൂക്കിലേക്ക് ഞങളില്‍ ആരും തന്നെ പോയിരുന്നില്ല. അതു കൊണ്ട് പുതിയൊരു സ്ഥലം കാണുവാനുള്ള ഉത്സാഹത്തിലായിരുന്നു എല്ലാവരും. ആദ്യമായി സൌദിയുടെ വടക്കന്‍ പ്രവിശ്യയുടെ മാപ് സംഘടിപ്പിച്ചു. പിന്നെ കൊണ്ട്പോകേണ്ട വാഹനങളുടെ അറ്റകുറ്റപണികള്‍ തീര്‍ത്തു. ഏകദേശം 1100 കിലോമീറ്റര്‍ ആണ് ജെദ്ദയില്‍ നിന്നും തബൂക്കിലേക്കുള്ള ദൂരം എന്നാണ് മാപില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജെ ബിയും ഞാനും മുന്നില്‍ തന്നെ ഞങളുടെ റിഗ്ഗ് ഘടിപ്പിച്ച ട്രയിലര്‍ ട്രക്കില്‍ പോകാം എന്നും ( ജെ ബി ട്രക്ക് ഡ്രൈവ് ചെയ്യും, ഞാന്‍ മാപ് നോക്കി വഴി പറയും ), ഓര്‍ളി ചെറിയ ബോക്സ് ട്രക്കുമായി ഞങളെ പിന്തുടരും. ഇതായിരുന്നു പ്ലാന്‍. അങിനെ ഒരു ദിവസം എല്ലാ സന്നാഹങളുമായി ഞങള്‍ തബൂക്കിലേക്ക് പുറപ്പെട്ടു. മഞ്ഞുകാലം അവസാനിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു അമേരിക്കകാരന്‍ ഹെവിഡ്യൂട്ടി ട്രക്ക് ഡ്രൈവ് ചെയ്ത് പോകുന്നത് കണ്ട് പലരും അത്ഭുതത്തോടേ നോക്കുന്നത് കാണാമായിരുന്നു. ജെദ്ദയില്‍ നിന്നും തബൂകിലേക്കുള്ള റോഡിന്റെ ആദ്യപകുതി ഒരു തീരദേശ റോഡ് ആണ്. പടിഞ്ഞാറ് വശത്ത് ചെങ്കടലും, കിഴക്ക് ഭാഗത്ത് തരിശുനിലങളും, ഇതാണ് കൂടുതലും കാണാവുന്ന ഭൂപ്രകൃതി. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന, ആളൊഴിഞത് പൊലെ തോന്നുന്ന ചെറിയ പട്ടണങള്‍. ( യാന്‍ബു പട്ടണം മാത്രമായിരുന്നു ഒരു അപവാദം ). കക്ക പെറുക്കാനും, ഫോസ്സിലുകള്‍ ശെഖരിക്കാനും, വിവിധയിനം കല്ലുകള്‍ നിരീക്ഷിക്കാനും ഇഷ്ടമായിരുന്ന ജെ ബി ഇടയ്ക്കിടെ ട്രക്ക് നിര്‍ത്തി കടല്‍ത്തീരങളില്‍ അലഞ്ഞു. പലയിടത്തും ചെങ്കടല്‍ തീരമാവട്ടേ അചുംബിതം എന്നൊക്കെ പറയുമ്പൊലെ തന്നെ തോന്നിപ്പിക്കുന്നതയായിരുന്നു, ഒരു മനുഷ്യന്റെ പാദമുദ്ര പതിഞ്ഞിട്ട് ഒരു പാട് നാളുകളായതു പോലെ. ചെങ്കടലിന്, നേരിയ ചുവപ്പു കലര്‍ന്നിട്ടുണ്ടോ എന്നു സംശയം തൊന്നിപ്പിക്കുന്ന, മരതക പച്ചയും, നീലയും കലര്‍ന്ന നിറമായിരുന്നു. പലയിടത്തും പവിഴപുറ്റുകള്‍ ആയിരുന്നു തീരങളില്‍ എന്നതിനാല്‍ തിരയിലാത്ത ശാന്തത. പവിഴപുറ്റുകള്‍ക്കിടയില്‍ വര്‍ണ്ണമത്സ്യങളും. കടലിന് നേരിയ ചുവപ്പുരാശി തോന്നിപ്പിക്കുന്നത് ഒരു തരം ചുവന്ന പായല്‍ ( algae) ഉള്‍ലതുകൊണ്ടാണെന്ന് ജെ ബി പറഞ്ഞു. എവിടെപ്പൊയാലും, കടലില്‍ നീന്താനുള്ള, (snorkling) സമഗ്രികളും, മീന്‍പിടിക്കാനുള്ള സ്പെയര്‍ ഗണ്ണും കൊണ്ടുനടക്കുന്ന ഫിലിപ്പിനോയായ ഓര്‍ളി വളരെ സന്തോഷവാനായി കാണപ്പെട്ടു. അല്‍ വജ്ജ് കടപ്പുറത്ത് വച്ച്, നീല കലര്‍ന്ന വെള്ളിനിറമുള്ള, വല്ലാതെ വയര്‍ വീര്‍ത്ത, പേരറിയാത്ത ഒരു മീനിനെ തന്റെ സ്പെയര്‍ ഗണ്ണില്‍ കോര്‍ത്താണ്, ഓര്‍ളി, വെള്ളത്തില്‍ നിന്നും പൊന്തിയത്, ഒപ്പം വിചിത്രമായ ആകൃതിയിലുള്ള, ജീവനുള്ള ഒരു വലിയ ശംഖും. പിന്നെ, ജെ ബിയുടെ നിര്‍ബന്ധത്തിന്‍ വഴങിയാണ്, മനസ്സില്ലാ മനസ്സോടെ ശംഖിനെ ബീചില്‍ തന്നെ ഉപേക്ഷിച്ച്, മീനിനെ അവിടെ കണ്ട ഒരു വയസ്സന്‍ ബദുവിന് സമ്മാനിച്ച് ഓര്‍ളി വീണ്ടും ട്രക്കില്‍ കയറിയത്.

വയ്കുന്നേരം ആയതൊടെ തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു. അല്‍ വജ്ജ്, ദൂബ എന്നീ പട്ടണങള്‍ പിന്നിട്ട ഞങള്‍ തീരദേശ റോഡ് വിട്ട് വടക്ക് കിഴക്കന്‍ ദിശയിലേക്ക് , മലനിരകള്‍ക്കിടയിലൂടെ പോകുന്ന ഒരു റോഡീലേക്ക് പ്രവേശിച്ചതോടേ ഭൂപ്രകൃതി വല്ലാതെ മാറി. മല തുരന്ന് ഉണ്ടാക്കിയത്പോലത്തെ വഴി. ചുറ്റും വിജനമായ മലകളും, പാറക്കൂട്ടങളും മാത്രം. ഏതാനും ദിവസം മുന്‍പ് മഴ പെയ്തത് കൊണ്ടാകണം ചിലയിടങളില്‍ പച്ചപ്പും, പലനിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞുനിന്ന ചെറിയചെടികളും കാണാമായിരുന്നു. മരുഭൂമിയില്‍ മഞ്ഞുകാലത്തിനു ശേഷം ഒരു ചെറിയ കാലയളവില്‍ ഒരു വസന്തം പൂവിടും എന്നാരോ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു. എങ്കിലും, ഇടയ്ക്കിടെ കടന്നുപോവുന്ന ചില ട്രക്കുകള്‍ ഒഴിച്ചാല്‍ വഴി വിജനമായിരുന്നു. മഞ്ഞുകാലം കഴിഞ്ഞിട്ടില്ലാത്തതിനാലാവണം തണുപ്പിനൊപ്പം ഇരുട്ടും നേരത്തെ വന്നത്. വഴി മോശമായതിനാല്‍ ജെ ബി ട്രക്കിന് വേഗതയും കുറച്ചു. ഭൂപ്രകൃതിയുടെ ഏകാന്തത ഞങളിലേക്കും ബാധിച്ചെന്നോണം, ജെ ബിയും ഞാനും, എപ്പോഴോ നിശബ്ദരായി മാറിയിരുന്നു. അപ്പോഴാണ് പാതയില്‍ ഒരിടത്ത് പാറക്കൂട്ടങള്‍ ഇടിച്ച് നിരത്തി, തുറസ്സായ ഒരു ട്രക്ക് പോയിന്റ് , പാര്‍ക്കിങ് ഏരിയ പണിതിട്ടുള്ളത് ഞങളുടെ കണ്ണില്‍ പെട്ടത്. ഈ പാറകള്‍ വോള്‍ക്കാനിക്ക് റൊക്കുകള്‍ ആണൊ അതോ സെഡിമെന്ററി റോക്കുകള്‍ ആണോ എന്ന് പരിശോധിക്കണം , ഇവിടെ ഫോസ്സിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നൊക്കെ പറഞ്ഞ് ജെ ബി വണ്ടി നിര്‍ത്തി. പുറത്ത് അസഹനീയമായ തണുപ്പും കാറ്റുമായിരുന്നു. ഒരു പൊടിക്കാറ്റിന്റെ ലക്ഷണം തോന്നിപ്പിക്കുന്ന കാറ്റ്. എതോ പ്രാചീന കാലത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തും പോലെ നിശബ്ദരായി നിന്ന വിചിത്രാകൃതിയിലുള്ള പാറകള്‍ നിറഞ്ഞ മല നിരകള്‍. അകലെ കറുത്തുതുടങിയിരുന്ന സന്ധ്യ , മലകള്‍ക്ക് താഴെ നീളന്‍ നിഴലുകള്‍ തീര്‍ത്തിരുന്നു. കടുത്ത ഏകാന്തത തോന്നിപ്പിക്കുന്ന അന്തരീക്ഷം. ഒന്നും മിണ്ടാതെ നിന്നിരുന്ന ജെ ബിക്കും ഓര്‍ളിക്കും അതു തന്നെ തോന്നിയിരുന്നു എന്ന് അവരുടെ മുഖം കണ്ടപ്പൊള്‍ എനിക്ക് തോന്നി. പെട്ടന്നാണ് ഞങളുടെ ഏകാന്തതയെ മുറിച്ചുകൊണ്ട് അകലെ എവിടെ നിന്നോ ഒരു തേങല്‍ പോലെ ഒഴുകിവന്ന മഗ്രിബ് ബാങ്ക് വിളി കേട്ടത്. എന്തുകൊണ്ടോ അതുകേട്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമാണ് തോന്നിയത്, ഞാന്‍ ഒറ്റയ്ക്കല്ല എന്ന് ഒരു തോന്നല്‍. ജീസസ്സ് വീ ആര്‍ നോട്ട് എലോണ്‍ എന്നു പറഞ്ഞ് വീണ്ടും ട്രക്കിലേക്ക് കയറിയ ജെ ബിക്കും അങിനെ തന്നെ തോന്നിയിരിക്കണം. പിന്നീട് അനവധി തവണ ബലദിലെ കോര്‍ണിഷ് മാളില്‍ മഗ്രിബിന് ബാങ്ക് വിളിക്കുന്നത് കേട്ടുനില്‍ക്കുമ്പോള്‍ ഓര്‍ളിയും എന്നോട് പറയുമായിരുന്നു, തബൂകിലേക്ക് പോകും വഴി കേട്ടതിന്റെ ഭംഗി ഇതിനില്ലാ എന്ന്.