Monday, April 23, 2007

സൌദി അറേബ്യ- തബൂക്-ഓര്‍മ്മകള്‍-3

ജെദ്ദയില്‍ താമസം താരതമേന്യ സുഖകരമായിരുന്നു. ജെദ്ദയില്‍ നിന്നും അല്പം അകലെയായി obhar എന്ന സ്ഥലത്ത് ഒരു അമേരിക്കന്‍ കോമ്പൌണ്ടിലായിരുന്നു ഞങളുടെ വില്ല. മൊത്തം മുന്നൂറ് വില്ലകളുള്ള ഒരു കോമ്പൌണ്ട് ആയിരുന്നു അത്. ഭൂരിപക്ഷം താമസക്കാരും അമേരിക്കക്കാരും. വില്ലകളില്‍ താമസമുള്ള ഏക ഇന്ത്യക്കാരന്‍ ഞാന്‍ മാത്രമായിരുന്നു എന്നാതിനാല്‍ ആദ്യമൊക്കെ ഒരു വിമ്മിഷ്ടം തോന്നിയിയിരുന്നു എങ്കിലും പിന്നീട് അത് കുറഞ്ഞു വന്നു. എല്ലാ സൌകര്യങളുമുള്ള വില്ലയായിരുന്നു ഞങളുടേത്. താമസക്കാര്‍ ഞാനും , ഞങളുടേ അമേരിക്കന്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയ ജെ.ബി യും, ഞങളുടെ ഫിലിപ്പിനോ ഡ്രൈവര്‍ ആയ ഓര്‍ലിയും മാത്രം. അരാംകൊയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ എല്ലാ റിഫൈനറികളിലും, ബള്‍ക്ക്പ്ലാന്റുകളിലും, പമ്പിങ് സ്റ്റേഷനുകളിലും ഞങള്‍ക്ക് കോണ്ട്രാക്റ്റ് ഉണ്ടായിരുന്നെങ്കിലും , കൂടുതലും ഞങള്‍ ജോലിക്ക് പോയിരുന്നത്, ജെദ്ദ റിഫൈനറിയിലും, ജെദ്ദയ്ക്ക് അടുത്തുള്ള റാബിക്ക് റിഫൈനറിയിലും ആയിരുന്നു. പൌരാണികതയും, ആധുനികതയും ഒരുപോലെ കാണാവുന്ന ജെദ്ദ മനോഹരമായ ഒരു നഗരമായിരുന്നു. താരതമ്യേന ലിബറെല്‍ ആയ ഒരു നഗരമായിരുന്നു ജെദ്ദ. മുത്തവകളുടെ ശല്യം ഇല്ല എന്നില്ല എങ്കിലും സൌദിയുടെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. പകല്‍ ജോ‍ലി കഴിഞ്ഞ് വൈകുന്നേരങളില്‍ ജെദ്ദയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ബലദിലെ ഷോപ്പിങ് മാളുകളിലും, അവിടുത്തെ പഴയ സൂക്കിലും കറങി നടന്ന് രാത്രി വളരെ വൈകി വില്ലയിലേക്ക് തിരുക്കുക എന്നതാ‍യിരുന്നു ഞങളുടെ പതിവ്.

അങിനെയിരിക്കെ ഒരു ദിവസമാണ് ഞങള്‍ക്ക് തബൂകിലെ അരാംകൊ പ്ലാന്റില്‍ നിന്നും ഒരു വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചത്. തബൂക് , ജോര്‍ദ്ദാനുമായി അതിര്‍ത്തി പങ്കിടുന്ന സൌദിയുടെ വടക്കന്‍ പ്രവിശ്യയാണ്. ഇതിനുമുന്‍പ് തബൂക്കിലേക്ക് ഞങളില്‍ ആരും തന്നെ പോയിരുന്നില്ല. അതു കൊണ്ട് പുതിയൊരു സ്ഥലം കാണുവാനുള്ള ഉത്സാഹത്തിലായിരുന്നു എല്ലാവരും. ആദ്യമായി സൌദിയുടെ വടക്കന്‍ പ്രവിശ്യയുടെ മാപ് സംഘടിപ്പിച്ചു. പിന്നെ കൊണ്ട്പോകേണ്ട വാഹനങളുടെ അറ്റകുറ്റപണികള്‍ തീര്‍ത്തു. ഏകദേശം 1100 കിലോമീറ്റര്‍ ആണ് ജെദ്ദയില്‍ നിന്നും തബൂക്കിലേക്കുള്ള ദൂരം എന്നാണ് മാപില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജെ ബിയും ഞാനും മുന്നില്‍ തന്നെ ഞങളുടെ റിഗ്ഗ് ഘടിപ്പിച്ച ട്രയിലര്‍ ട്രക്കില്‍ പോകാം എന്നും ( ജെ ബി ട്രക്ക് ഡ്രൈവ് ചെയ്യും, ഞാന്‍ മാപ് നോക്കി വഴി പറയും ), ഓര്‍ളി ചെറിയ ബോക്സ് ട്രക്കുമായി ഞങളെ പിന്തുടരും. ഇതായിരുന്നു പ്ലാന്‍. അങിനെ ഒരു ദിവസം എല്ലാ സന്നാഹങളുമായി ഞങള്‍ തബൂക്കിലേക്ക് പുറപ്പെട്ടു. മഞ്ഞുകാലം അവസാനിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഒരു അമേരിക്കകാരന്‍ ഹെവിഡ്യൂട്ടി ട്രക്ക് ഡ്രൈവ് ചെയ്ത് പോകുന്നത് കണ്ട് പലരും അത്ഭുതത്തോടേ നോക്കുന്നത് കാണാമായിരുന്നു. ജെദ്ദയില്‍ നിന്നും തബൂകിലേക്കുള്ള റോഡിന്റെ ആദ്യപകുതി ഒരു തീരദേശ റോഡ് ആണ്. പടിഞ്ഞാറ് വശത്ത് ചെങ്കടലും, കിഴക്ക് ഭാഗത്ത് തരിശുനിലങളും, ഇതാണ് കൂടുതലും കാണാവുന്ന ഭൂപ്രകൃതി. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന, ആളൊഴിഞത് പൊലെ തോന്നുന്ന ചെറിയ പട്ടണങള്‍. ( യാന്‍ബു പട്ടണം മാത്രമായിരുന്നു ഒരു അപവാദം ). കക്ക പെറുക്കാനും, ഫോസ്സിലുകള്‍ ശെഖരിക്കാനും, വിവിധയിനം കല്ലുകള്‍ നിരീക്ഷിക്കാനും ഇഷ്ടമായിരുന്ന ജെ ബി ഇടയ്ക്കിടെ ട്രക്ക് നിര്‍ത്തി കടല്‍ത്തീരങളില്‍ അലഞ്ഞു. പലയിടത്തും ചെങ്കടല്‍ തീരമാവട്ടേ അചുംബിതം എന്നൊക്കെ പറയുമ്പൊലെ തന്നെ തോന്നിപ്പിക്കുന്നതയായിരുന്നു, ഒരു മനുഷ്യന്റെ പാദമുദ്ര പതിഞ്ഞിട്ട് ഒരു പാട് നാളുകളായതു പോലെ. ചെങ്കടലിന്, നേരിയ ചുവപ്പു കലര്‍ന്നിട്ടുണ്ടോ എന്നു സംശയം തൊന്നിപ്പിക്കുന്ന, മരതക പച്ചയും, നീലയും കലര്‍ന്ന നിറമായിരുന്നു. പലയിടത്തും പവിഴപുറ്റുകള്‍ ആയിരുന്നു തീരങളില്‍ എന്നതിനാല്‍ തിരയിലാത്ത ശാന്തത. പവിഴപുറ്റുകള്‍ക്കിടയില്‍ വര്‍ണ്ണമത്സ്യങളും. കടലിന് നേരിയ ചുവപ്പുരാശി തോന്നിപ്പിക്കുന്നത് ഒരു തരം ചുവന്ന പായല്‍ ( algae) ഉള്‍ലതുകൊണ്ടാണെന്ന് ജെ ബി പറഞ്ഞു. എവിടെപ്പൊയാലും, കടലില്‍ നീന്താനുള്ള, (snorkling) സമഗ്രികളും, മീന്‍പിടിക്കാനുള്ള സ്പെയര്‍ ഗണ്ണും കൊണ്ടുനടക്കുന്ന ഫിലിപ്പിനോയായ ഓര്‍ളി വളരെ സന്തോഷവാനായി കാണപ്പെട്ടു. അല്‍ വജ്ജ് കടപ്പുറത്ത് വച്ച്, നീല കലര്‍ന്ന വെള്ളിനിറമുള്ള, വല്ലാതെ വയര്‍ വീര്‍ത്ത, പേരറിയാത്ത ഒരു മീനിനെ തന്റെ സ്പെയര്‍ ഗണ്ണില്‍ കോര്‍ത്താണ്, ഓര്‍ളി, വെള്ളത്തില്‍ നിന്നും പൊന്തിയത്, ഒപ്പം വിചിത്രമായ ആകൃതിയിലുള്ള, ജീവനുള്ള ഒരു വലിയ ശംഖും. പിന്നെ, ജെ ബിയുടെ നിര്‍ബന്ധത്തിന്‍ വഴങിയാണ്, മനസ്സില്ലാ മനസ്സോടെ ശംഖിനെ ബീചില്‍ തന്നെ ഉപേക്ഷിച്ച്, മീനിനെ അവിടെ കണ്ട ഒരു വയസ്സന്‍ ബദുവിന് സമ്മാനിച്ച് ഓര്‍ളി വീണ്ടും ട്രക്കില്‍ കയറിയത്.

വയ്കുന്നേരം ആയതൊടെ തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു. അല്‍ വജ്ജ്, ദൂബ എന്നീ പട്ടണങള്‍ പിന്നിട്ട ഞങള്‍ തീരദേശ റോഡ് വിട്ട് വടക്ക് കിഴക്കന്‍ ദിശയിലേക്ക് , മലനിരകള്‍ക്കിടയിലൂടെ പോകുന്ന ഒരു റോഡീലേക്ക് പ്രവേശിച്ചതോടേ ഭൂപ്രകൃതി വല്ലാതെ മാറി. മല തുരന്ന് ഉണ്ടാക്കിയത്പോലത്തെ വഴി. ചുറ്റും വിജനമായ മലകളും, പാറക്കൂട്ടങളും മാത്രം. ഏതാനും ദിവസം മുന്‍പ് മഴ പെയ്തത് കൊണ്ടാകണം ചിലയിടങളില്‍ പച്ചപ്പും, പലനിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞുനിന്ന ചെറിയചെടികളും കാണാമായിരുന്നു. മരുഭൂമിയില്‍ മഞ്ഞുകാലത്തിനു ശേഷം ഒരു ചെറിയ കാലയളവില്‍ ഒരു വസന്തം പൂവിടും എന്നാരോ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു. എങ്കിലും, ഇടയ്ക്കിടെ കടന്നുപോവുന്ന ചില ട്രക്കുകള്‍ ഒഴിച്ചാല്‍ വഴി വിജനമായിരുന്നു. മഞ്ഞുകാലം കഴിഞ്ഞിട്ടില്ലാത്തതിനാലാവണം തണുപ്പിനൊപ്പം ഇരുട്ടും നേരത്തെ വന്നത്. വഴി മോശമായതിനാല്‍ ജെ ബി ട്രക്കിന് വേഗതയും കുറച്ചു. ഭൂപ്രകൃതിയുടെ ഏകാന്തത ഞങളിലേക്കും ബാധിച്ചെന്നോണം, ജെ ബിയും ഞാനും, എപ്പോഴോ നിശബ്ദരായി മാറിയിരുന്നു. അപ്പോഴാണ് പാതയില്‍ ഒരിടത്ത് പാറക്കൂട്ടങള്‍ ഇടിച്ച് നിരത്തി, തുറസ്സായ ഒരു ട്രക്ക് പോയിന്റ് , പാര്‍ക്കിങ് ഏരിയ പണിതിട്ടുള്ളത് ഞങളുടെ കണ്ണില്‍ പെട്ടത്. ഈ പാറകള്‍ വോള്‍ക്കാനിക്ക് റൊക്കുകള്‍ ആണൊ അതോ സെഡിമെന്ററി റോക്കുകള്‍ ആണോ എന്ന് പരിശോധിക്കണം , ഇവിടെ ഫോസ്സിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നൊക്കെ പറഞ്ഞ് ജെ ബി വണ്ടി നിര്‍ത്തി. പുറത്ത് അസഹനീയമായ തണുപ്പും കാറ്റുമായിരുന്നു. ഒരു പൊടിക്കാറ്റിന്റെ ലക്ഷണം തോന്നിപ്പിക്കുന്ന കാറ്റ്. എതോ പ്രാചീന കാലത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തും പോലെ നിശബ്ദരായി നിന്ന വിചിത്രാകൃതിയിലുള്ള പാറകള്‍ നിറഞ്ഞ മല നിരകള്‍. അകലെ കറുത്തുതുടങിയിരുന്ന സന്ധ്യ , മലകള്‍ക്ക് താഴെ നീളന്‍ നിഴലുകള്‍ തീര്‍ത്തിരുന്നു. കടുത്ത ഏകാന്തത തോന്നിപ്പിക്കുന്ന അന്തരീക്ഷം. ഒന്നും മിണ്ടാതെ നിന്നിരുന്ന ജെ ബിക്കും ഓര്‍ളിക്കും അതു തന്നെ തോന്നിയിരുന്നു എന്ന് അവരുടെ മുഖം കണ്ടപ്പൊള്‍ എനിക്ക് തോന്നി. പെട്ടന്നാണ് ഞങളുടെ ഏകാന്തതയെ മുറിച്ചുകൊണ്ട് അകലെ എവിടെ നിന്നോ ഒരു തേങല്‍ പോലെ ഒഴുകിവന്ന മഗ്രിബ് ബാങ്ക് വിളി കേട്ടത്. എന്തുകൊണ്ടോ അതുകേട്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമാണ് തോന്നിയത്, ഞാന്‍ ഒറ്റയ്ക്കല്ല എന്ന് ഒരു തോന്നല്‍. ജീസസ്സ് വീ ആര്‍ നോട്ട് എലോണ്‍ എന്നു പറഞ്ഞ് വീണ്ടും ട്രക്കിലേക്ക് കയറിയ ജെ ബിക്കും അങിനെ തന്നെ തോന്നിയിരിക്കണം. പിന്നീട് അനവധി തവണ ബലദിലെ കോര്‍ണിഷ് മാളില്‍ മഗ്രിബിന് ബാങ്ക് വിളിക്കുന്നത് കേട്ടുനില്‍ക്കുമ്പോള്‍ ഓര്‍ളിയും എന്നോട് പറയുമായിരുന്നു, തബൂകിലേക്ക് പോകും വഴി കേട്ടതിന്റെ ഭംഗി ഇതിനില്ലാ എന്ന്.

16 Comments:

Blogger vimathan said...

പിന്നീട് അനവധി തവണ ബലദിലെ കോര്‍ണിഷ് മാളില്‍ മഗ്രിബിന് ബാങ്ക് വിളിക്കുന്നത് കേട്ടുനില്‍ക്കുമ്പോള്‍ ഓര്‍ളിയും എന്നോട് പറയുമായിരുന്നു, തബൂകിലേക്ക് പോകും വഴി കേട്ടതിന്റെ ഭംഗി ഇതിനില്ലാ എന്ന്.

23/4/07 11:53 am  
Blogger Kaithamullu said...

ഓര്‍മ്മകള്‍ ശരിയായ ദിശയിലേക്ക് നീങ്ങുന്നു എന്ന് കാണുന്നതില്‍ സന്തോഷം.

-വായിക്കുന്നവര്‍ പലരും പല അഭിപ്രായങ്ങല്‍ പറഞ്ഞെന്നിരിക്കും, “സ്വാര്‍ഥ വാഹക സംഘം മുന്നോട്ട്”....

23/4/07 2:03 pm  
Blogger അപ്പു ആദ്യാക്ഷരി said...

"എതോ പ്രാചീന കാലത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തും പോലെ നിശബ്ദരായി നിന്ന വിചിത്രാകൃതിയിലുള്ള പാറകള്‍ നിറഞ്ഞ മല നിരകള്‍. അകലെ കറുത്തുതുടങിയിരുന്ന സന്ധ്യ , മലകള്‍ക്ക് താഴെ നീളന്‍ നിഴലുകള്‍ തീര്‍ത്തിരുന്നു. കടുത്ത ഏകാന്തത തോന്നിപ്പിക്കുന്ന അന്തരീക്ഷം..."

മാഷേ..നല്ല വിവരണം. ആ ഏകാന്തതയില്‍ കേട്ട് ബാങ്കുവിളി എത്ര ആശ്വാസകരമായിരിക്കും എന്നുഹിക്കാവുന്നതേയുള്ളു.

23/4/07 2:39 pm  
Anonymous Anonymous said...

നല്ല വിവരണം, തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

23/4/07 5:00 pm  
Blogger തറവാടി said...

നല്ല വിവരണം :)

23/4/07 5:13 pm  
Blogger asdfasdf asfdasdf said...

gവിമതാ, വിവരണം നന്നായി. തബൂക്കില്‍ ഞാന്‍ പണ്ട് ഒരു തവണ വന്നിട്ടുണ്ട്. 1994 ജാനുവരി ഒന്ന് മറക്കാന്‍ സാധിക്കില്ല. തബൂക്കിലെ മിലിട്ടറി ബേസിലെ നെറ്റ്വര്‍ക്കിങിന്റെ പ്ലാനിങ്ങിനായി വന്നതാണ്. അന്ന് ഞാന്‍ റിയാദിലായിരുന്നു. പുലര്‍ച്ച 3 മണിക്ക് ഫ്ലൈറ്റിറങ്ങി. പിക്കപ്പ് ചെയ്യാമെന്നേറ്റിരുന്ന ഡ്രൈവറിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. മരം കോച്ചുന്ന തണുപ്പില്‍ കാലത്ത് 7 വരെ എയര്‍പോര്‍ട്ടിനു പുറത്തിരിക്കേണ്ടി വന്നു. ഒരാഴ്ചയിലെ വാസസമയത്ത് അധികം കറങ്ങാന്‍ പറ്റിയില്ലായിരുന്നു. സലാലയോട് കിടപിടിക്കാവുന്ന ഭൂപ്രദേശം. വിദേശികളില്‍ ജോറ്ദ്ദാന്‍കാരും പാലസ്തീനികളുമാണ് കൂടുതലെന്ന് തോന്നുന്നു.

23/4/07 5:42 pm  
Blogger Pramod.KM said...

വിവരണം നന്നായി..
വേറെ ഏത് മഗരിബിനുണ്ടാകും ആപത്തില്‍ കേട്ട ശബ്ദത്തിന്റെ അത്ര മധുരം!!

23/4/07 5:56 pm  
Anonymous Anonymous said...

ഏറെയൊന്നും വായിക്കാത്ത ഒരു ഭൂപ്രദേശമാണ് മധ്യ പൌരസ്ത്യ നാടുകള്‍. അതിനാല്‍ തന്നെ, അറിയാന്‍ ഏറെ താല്പര്യമുണ്ട്. പൊടിപ്പും തൊങ്ങലും കൂടാതെ, അതിശയോക്തി കലര്‍ത്താതെയുള്ള എഴുത്ത് ഏറെ ഹ്ര് ദ്യമായിത്തോന്നി.

ഭാവുകങ്ങള്‍!

23/4/07 6:42 pm  
Blogger Unknown said...

വിവരണം മനോഹരമായി. :)

23/4/07 7:27 pm  
Blogger vimathan said...

കൈതമുള്ള്, അപ്പു, റസാഖ്, തറവാടി,കുട്ടന്മേനോന്‍, പ്രമോദ്, അരുണ, ദില്‍ബന്‍, നന്ദി. കുട്ടന്‍ മേനൊന്‍, താങ്കള്‍ സൌദിയില്‍ ഉണ്ടായിരുന്നു എന്നറിയുന്നതില്‍ സന്തോഷം. ഗള്‍ഫ് രാജ്യങളില്‍ സൌദിയും ഒമാനുമാണ് മരുഭൂമികളുടെ പേടിപ്പിക്കുന്ന ആ സൌന്ദര്യം പൂര്‍ണ്ണമായും അനുഭവിപ്പിക്കുന്നത് എന്നാണ് പറയാറുള്ളത്. ഒമാന്‍, സന്ദര്‍ശകര്‍ക്ക് ഈ കാഴ്ച്ചകള്‍ തുറന്നുവയ്ക്കുമ്പൊള്‍, സൌദി ഇന്നും സന്ദര്‍ശകര്‍ക്ക് മുന്നില്‍ അടച്ചിട്ട വാതിലാണ്.

24/4/07 9:40 am  
Blogger ശെഫി said...

നല്ല വിവരണം
ഞാനും ജെദ്ദയില്‍ നിന്നാണ്‌

24/4/07 7:49 pm  
Anonymous Anonymous said...

ഞാന്‍ ജിദ്ദയില്‍ കുറച്ചു കാലം ഉണ്ടായിരുന്നു. ഒരു പൌരാണിക നഗരത്തിന്റെ കാഴ്ചകളാണ് ആ മഹാനഗരം എനിക്കെന്നും സമ്മാനിച്ചിട്ടുള്ളത്. ജിദ്ദയെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമേയുള്ളൂ. പുറത്തിറങ്ങുമ്പോള്‍ ആകെ മൂടിപ്പുതക്കേണ്ടി വരുന്ന അവസ്ഥ ഒരു കരിനിഴലായി ഇപ്പോഴും അവശേഷിക്കുന്നു. മൂന്നുവര്‍ഷത്തെ ജീവിതത്തിനിടക്ക് ചില നല്ലമനുഷ്യരെയും ഞാന്‍ കാണാതിരുന്നിട്ടില്ല. വിമതന്‍ വിവരിച്ച പ്രദേശങ്ങളിലൂടെ ഒരിക്കല്‍ പോലും സഞ്ചരിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. ഓര്‍മ്മക്കുറിപ്പുകള്‍ മുഴുവനായും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

28/4/07 12:07 pm  
Blogger അഭയാര്‍ത്ഥി said...

വിമതന്‍-
മതങ്ങളില്ലാത്തവന്‍ , ഇസങ്ങളില്ലാത്തവന്‍ എന്നെടുത്തോട്ടെ.

വിമതന്‍ പറഞ്ഞ ഫാസിസം ബാധിച്ച ജന്തയെ മാറ്റി നിര്‍ത്തി പറയുകയാണെങ്കില്‍
വിശുദ്ധ പ്രവാചകന്റെ ഈ ജന്മ നാട്‌ ഒരു പുണ്യഭൂമിയാണ്‌.

അതിമനോഹരങ്ങളായ പ്രകൃതി സൗന്ദയമാണ്‌ പലയിടങ്ങളിലും നമുക്ക്‌
കാണാന്‍ കഴിയുക.

അല്‍ ഹസ്സയിലെ ഗൂദ കേവ്സ്‌, അല്‍ക്കോബാറിലെ ഹാഫ്‌ മൂണ്‍ ബീച്ച്‌, ബഹ്രയ്ന്‍ പാലം,

ദമാമെന്ന തുറമുഖ നഗരം, ജുബെയില്‍ വരെ നീണ്ടുകിടക്കുന്ന എണ്ണപ്പാടങ്ങള്‍.

റിയാദിലെ പേലസുകള്‍, നസീം , റബ്വ, ഉമ്മല്‍ ഹമാം, മന്‍ഫൗഹ, മുസാമിയ
ഒലായ, സനയ്യ തുടങ്ങി ഏറെ പ്രവാസികള്‍ അധിവസിക്കുന്ന ഇടങ്ങള്‍.
അല്‍ഖര്‍ജിലെ തോട്ടങ്ങള്‍, ജെദ്ദ, യാന്‍ബു, വര്‍ഷം മുഴുവനും തണുക്കുന്ന
അബ്ബ.

ഗോതമ്പ്‌ വയലുകള്‍, തോട്ടങ്ങള്‍...

കണ്ണെത്താ ദൂരം വരേയുള്ള മണലാരണ്യ്യം. ഇന്ന്‌ മരുഭൂമി കാണണമെങ്കില്‍ സൗദിയില്‍
തന്നെ പോകണമെന്നായിരിക്കുന്നു. ഈ മണലാരണ്യത്തിലെ ഏകാന്തതയില്‍
നില്‍ക്കുമ്പോള്‍ മൃതനായി എങ്ങോ ചരിക്കുന്നതു പോലെ എനിക്ക്‌ തോന്നിയിട്ടുണ്ട്‌.
വിമതന്റെ ഈ അനുഭവം വായിച്ചപ്പോള്‍ ഞാനത്‌ വീണ്ടുമോര്‍മിക്കുന്നു.

വിമതന്റെ എഴുത്ത്‌ പെരുത്തിഷ്ടമാകുന്നു.

1/5/07 3:31 pm  
Blogger vimathan said...

ഗന്ധര്‍വന്‍, നന്ദി.

2/5/07 8:40 am  
Blogger സ്വതന്ത്രന്‍ said...

വളരെ നല്ല പോസ്റ്റ്, ശാന്തവും സുന്ദരവുമായ ആഖ്യാന ശൈലി ...തുടരുക ...ഭാവുകങ്ങള്‍

2/11/08 12:47 am  
Anonymous Anonymous said...

മുതവകളുടെ ശല്ല്യം എന്നു പറഞ്ഞത് തീരെ ശരിയായില്ല.

25/11/08 3:46 pm  

Post a Comment

<< Home