Tuesday, June 26, 2007

അടിയന്തരാവസ്ഥയുടെ വാര്‍ഷികം / ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

1975 ജൂണ്‍ 25, അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ച് ആ ദിവസമാണ്, രാഷ്ട്രപതി ശ്രീ ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഭരണഘടനയുടെ മുന്നൂറ്റി അന്‍പത്തിരണ്ടാം (352) അനുച്ഛേദപ്രകാരം ഇന്ത്യാ മഹാരാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 27ന് രാത്രി, ഭരണഘടനയുടെ 359 (1) മത്തെ അനുച്ഛേദപ്രകാരം ഇന്ത്യന്‍ പൌരന്മാരുടെ മൌലികാവകാശങള്‍ സസ്പെന്റ് ചെയ്യപ്പെട്ടു. സമത്വത്തിനുള്ള അവകാശം, ജീവനും, വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, അന്യായമായ അറസ്റ്റിനും, തടങ്കലിനും എതിരായ സംരക്ഷണം എന്നിവയാണ് രാഷ്ട്രപതിയുടെ ഈ പ്രഖ്യാപനം മൂലം സസ്പെന്റ് ചെയ്യപ്പെട്ടത്. ജൂണ്‍ 29ന് ആഭ്യതര സുരക്ഷിതത്വ നിയമം, (മിസ) ഓര്‍ഡിനന്‍സിറങി. ജൂലയ് 16നും, പിന്നീട് ഒക്റ്റോബര്‍ 17നും കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ മിസ ഭേദഗതി ചെയ്യപ്പെട്ടു. ഇതു കൂടാതെ അടിയന്തിരാവസ്ഥകാലത്ത് ഭരണഘടന തന്നെ അഞ്ചു പ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥ പ്രഖ്യാപനെത്തെയോ, മൌലികാവകാശങള്‍ സസ്പെന്റ് ചെയ്തതിനെയോ, കോടതിയില്‍ ചോദ്യം ചെയ്യുന്നത് നിരോധിക്കുന്ന മുപ്പത്തിയെട്ടാം ഭേദഗതി, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ തെരഞ്ഞെടുപ്പിനെതിരെ കോടതിയില്‍ നിയമനടപടിക്ക് മുതിരുന്നത് നിരോധിക്കുന്ന മുപ്പത്തി ഒന്‍പതാം ഭേദഗതി എന്നിവയായിരുന്നു ഈ ഭേദഗതികളില്‍ പ്രധാനപ്പെട്ടത്. മുപ്പത്തി ഒന്‍പതാം ഭേദഗതിയുടെ ബലത്തിലാണ് ശ്രീമതി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് കേസ് ജയിച്ചത്. മൌലികാവകാശങള്‍ സസ്പെന്റ് ചെയ്യപ്പെട്ട സ്ഥിതിക്ക് കരുതല്‍ തടവുകാര്‍ക്ക് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുക്കാനാവില്ലെന്നും കോട്തി വിധി വന്നിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അല്പ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ ഒട്ടാകെ ജയിലിലായി കഴിഞ്ഞിരുന്നു. വിദേശ മാധ്യമ പ്രതിനിധികളെ രാജ്യത്തിന് പുറത്താക്കുക ഉള്‍പ്പടെയുള്ള മാധ്യമ സെന്‍സര്‍ഷിപ്പും നിലവിലില്‍ വന്നു. 1975 ഡിസംബര്‍ 8ന് പത്ര മാരണ ഓര്‍ഡിനന്‍സുകള്‍ മൂന്നെണ്ണം പുറത്തു വന്നു. 208 പത്രങളും, 1434 ആഴ്ചപതിപ്പുകളും അടച്ചുപൂട്ടേണ്ടി വന്നു.
ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ, നാവടക്കൂ, പണിയെടുക്കൂ എന്ന മുദ്രാവാക്യങള്‍ നിറഞ്ഞ ചുമരുകളും, സമയത്തിനോടിയ ട്രെയിനുകളും, നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും, സമരങളില്ലാത്ത ഫാക്ടറികളും, കോളേജുകളും, ശാന്തമായ റോഡുകളും, സമാധാനത്തിന്റെയും, വികസനത്തിന്റെയും, വാര്‍ത്തകള്‍ മാത്രം ഉള്ള പത്രങളും, അങിനെ പെറ്റി ബൂര്‍ഷ്വകളുടെ ഒരു സ്വപ്ന ലോകം നിലവില്‍ വന്ന പ്രതീതിയായിരുന്നു. കേരളത്തിലാണെങ്കില്‍ ഭരിക്കുന്നത്, വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമസാത്വികനായ നേതാവ്, ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്നു പോലും അറിയപ്പെട്ടിരുന്ന ശ്രീ അച്യുതമേനോനും, ആഭ്യന്തര മന്ത്രിയായി, ശ്രീ കരുണാകരനും, ആനന്ദലബ്ധിക്കിനി എന്തു വേണമെന്ന നിലയിലായിപ്പോയീ, മലയാളി മധ്യ വര്‍ഗ്ഗം. അന്ന് അടിയന്തിരാവസ്ഥയെ പിന്‍ തുണച്ചിരുന്ന ശ്രീ എസ്. ഗുപ്തന്‍ നായര്‍ എഴുതിയത്, ഇങിനെയാണ്. “അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇത് സമ്മതിക്കാന്‍ മടിയുമില്ലാ. .. നമ്മുടെ ജനാധിപത്യം ഇങനെ സര്‍വ്വ്സ്വതന്ത്രമായി, തോന്ന്യാസമായി മുന്നോട്ട് പോയാല്‍ നാം എവിടെയെത്തും? സംഘടിതരായ ന്യൂനപക്ഷങള്‍ -ചെറിയ ഗ്രൂപ്പുകള്‍ -അസംഘടിതരായ ഭൂരിപക്ഷത്തെ -ബഹുജനത്തെ -ഭീഷണിപ്പെടുത്തി ഈ രജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ തുടങിയിട്ട് എത്ര നാളായി? സമരം-എന്തിനും സമരം എന്ന അവസ്ഥയില്‍ എല്ലാം സ്തംഭിച്ച് നില്‍ക്കുകയല്ലേ? .. ഈ അരാജകത്വത്തില്‍ നിന്നും നമുക്ക് മോചനം വേണ്ടേ? ..” ശ്രീ ഗുപ്തന്‍ നായരുടെ വാക്കുകള്‍, നമുക്ക് അന്ന് മലയാളി മധ്യവര്‍ഗ്ഗങള്‍ എങിനെ ചിന്തിച്ചു എന്നും ഇക്കാലത്തും നമ്മുടെ മധ്യവര്‍ഗ്ഗങള്‍ ഫാസിസത്തിന് അനുകൂലമായി എങിനെ ചിന്തിക്കുന്നു, എന്നും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായേക്കും എന്ന് കരുതുന്നു.