Tuesday, June 26, 2007

അടിയന്തരാവസ്ഥയുടെ വാര്‍ഷികം / ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

1975 ജൂണ്‍ 25, അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ച് ആ ദിവസമാണ്, രാഷ്ട്രപതി ശ്രീ ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഭരണഘടനയുടെ മുന്നൂറ്റി അന്‍പത്തിരണ്ടാം (352) അനുച്ഛേദപ്രകാരം ഇന്ത്യാ മഹാരാജ്യത്ത് ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 27ന് രാത്രി, ഭരണഘടനയുടെ 359 (1) മത്തെ അനുച്ഛേദപ്രകാരം ഇന്ത്യന്‍ പൌരന്മാരുടെ മൌലികാവകാശങള്‍ സസ്പെന്റ് ചെയ്യപ്പെട്ടു. സമത്വത്തിനുള്ള അവകാശം, ജീവനും, വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, അന്യായമായ അറസ്റ്റിനും, തടങ്കലിനും എതിരായ സംരക്ഷണം എന്നിവയാണ് രാഷ്ട്രപതിയുടെ ഈ പ്രഖ്യാപനം മൂലം സസ്പെന്റ് ചെയ്യപ്പെട്ടത്. ജൂണ്‍ 29ന് ആഭ്യതര സുരക്ഷിതത്വ നിയമം, (മിസ) ഓര്‍ഡിനന്‍സിറങി. ജൂലയ് 16നും, പിന്നീട് ഒക്റ്റോബര്‍ 17നും കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ മിസ ഭേദഗതി ചെയ്യപ്പെട്ടു. ഇതു കൂടാതെ അടിയന്തിരാവസ്ഥകാലത്ത് ഭരണഘടന തന്നെ അഞ്ചു പ്രാവശ്യം ഭേദഗതി ചെയ്യപ്പെട്ടു. അടിയന്തിരാവസ്ഥ പ്രഖ്യാപനെത്തെയോ, മൌലികാവകാശങള്‍ സസ്പെന്റ് ചെയ്തതിനെയോ, കോടതിയില്‍ ചോദ്യം ചെയ്യുന്നത് നിരോധിക്കുന്ന മുപ്പത്തിയെട്ടാം ഭേദഗതി, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ തെരഞ്ഞെടുപ്പിനെതിരെ കോടതിയില്‍ നിയമനടപടിക്ക് മുതിരുന്നത് നിരോധിക്കുന്ന മുപ്പത്തി ഒന്‍പതാം ഭേദഗതി എന്നിവയായിരുന്നു ഈ ഭേദഗതികളില്‍ പ്രധാനപ്പെട്ടത്. മുപ്പത്തി ഒന്‍പതാം ഭേദഗതിയുടെ ബലത്തിലാണ് ശ്രീമതി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് കേസ് ജയിച്ചത്. മൌലികാവകാശങള്‍ സസ്പെന്റ് ചെയ്യപ്പെട്ട സ്ഥിതിക്ക് കരുതല്‍ തടവുകാര്‍ക്ക് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുക്കാനാവില്ലെന്നും കോട്തി വിധി വന്നിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അല്പ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ ഒട്ടാകെ ജയിലിലായി കഴിഞ്ഞിരുന്നു. വിദേശ മാധ്യമ പ്രതിനിധികളെ രാജ്യത്തിന് പുറത്താക്കുക ഉള്‍പ്പടെയുള്ള മാധ്യമ സെന്‍സര്‍ഷിപ്പും നിലവിലില്‍ വന്നു. 1975 ഡിസംബര്‍ 8ന് പത്ര മാരണ ഓര്‍ഡിനന്‍സുകള്‍ മൂന്നെണ്ണം പുറത്തു വന്നു. 208 പത്രങളും, 1434 ആഴ്ചപതിപ്പുകളും അടച്ചുപൂട്ടേണ്ടി വന്നു.
ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ, നാവടക്കൂ, പണിയെടുക്കൂ എന്ന മുദ്രാവാക്യങള്‍ നിറഞ്ഞ ചുമരുകളും, സമയത്തിനോടിയ ട്രെയിനുകളും, നിശബ്ദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും, സമരങളില്ലാത്ത ഫാക്ടറികളും, കോളേജുകളും, ശാന്തമായ റോഡുകളും, സമാധാനത്തിന്റെയും, വികസനത്തിന്റെയും, വാര്‍ത്തകള്‍ മാത്രം ഉള്ള പത്രങളും, അങിനെ പെറ്റി ബൂര്‍ഷ്വകളുടെ ഒരു സ്വപ്ന ലോകം നിലവില്‍ വന്ന പ്രതീതിയായിരുന്നു. കേരളത്തിലാണെങ്കില്‍ ഭരിക്കുന്നത്, വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമസാത്വികനായ നേതാവ്, ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്നു പോലും അറിയപ്പെട്ടിരുന്ന ശ്രീ അച്യുതമേനോനും, ആഭ്യന്തര മന്ത്രിയായി, ശ്രീ കരുണാകരനും, ആനന്ദലബ്ധിക്കിനി എന്തു വേണമെന്ന നിലയിലായിപ്പോയീ, മലയാളി മധ്യ വര്‍ഗ്ഗം. അന്ന് അടിയന്തിരാവസ്ഥയെ പിന്‍ തുണച്ചിരുന്ന ശ്രീ എസ്. ഗുപ്തന്‍ നായര്‍ എഴുതിയത്, ഇങിനെയാണ്. “അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ആളാണ് ഞാന്‍. ഇത് സമ്മതിക്കാന്‍ മടിയുമില്ലാ. .. നമ്മുടെ ജനാധിപത്യം ഇങനെ സര്‍വ്വ്സ്വതന്ത്രമായി, തോന്ന്യാസമായി മുന്നോട്ട് പോയാല്‍ നാം എവിടെയെത്തും? സംഘടിതരായ ന്യൂനപക്ഷങള്‍ -ചെറിയ ഗ്രൂപ്പുകള്‍ -അസംഘടിതരായ ഭൂരിപക്ഷത്തെ -ബഹുജനത്തെ -ഭീഷണിപ്പെടുത്തി ഈ രജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ തുടങിയിട്ട് എത്ര നാളായി? സമരം-എന്തിനും സമരം എന്ന അവസ്ഥയില്‍ എല്ലാം സ്തംഭിച്ച് നില്‍ക്കുകയല്ലേ? .. ഈ അരാജകത്വത്തില്‍ നിന്നും നമുക്ക് മോചനം വേണ്ടേ? ..” ശ്രീ ഗുപ്തന്‍ നായരുടെ വാക്കുകള്‍, നമുക്ക് അന്ന് മലയാളി മധ്യവര്‍ഗ്ഗങള്‍ എങിനെ ചിന്തിച്ചു എന്നും ഇക്കാലത്തും നമ്മുടെ മധ്യവര്‍ഗ്ഗങള്‍ ഫാസിസത്തിന് അനുകൂലമായി എങിനെ ചിന്തിക്കുന്നു, എന്നും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായേക്കും എന്ന് കരുതുന്നു.

25 Comments:

Blogger vimathan said...

1975 ജൂണ്‍ 25, അന്ന് പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഉപദേശം സ്വീകരിച്ച് ആ ദിവസമാണ്, രാഷ്ട്രപതി ശ്രീ ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഭരണഘടനയുടെ മുന്നൂറ്റി അന്‍പത്തിരണ്ടാം (352) അനുച്ഛേദപ്രകാരം ഇന്ത്യാ മഹാരാജ്യത്ത് ആഭ്യന്തര അടിയന്തിരാവാസ്ഥ പ്രഖ്യാപിച്ചത്

26/6/07 11:31 am  
Blogger Unknown said...

അന്ന് ജയപ്രകാശും ടീമും നടത്തിയ കാര്യങ്ങള്‍ക്ക് ന്യായീകരണമില്ലെങ്കിലും അതിനെ കവച്ച് വെയ്ക്കുന്ന അക്രമമായിപ്പോയി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. നല്ല പോസ്റ്റ് വിമതാ.

26/6/07 1:22 pm  
Blogger Dinkan-ഡിങ്കന്‍ said...

ഇന്നും ഇരു പക്ഷത്തും ഒട്ടനവധി ന്യായീകരണങ്ങളും, ആരോപണ-പ്രത്യാരോപണങ്ങളും ഉള്ള വിവാദവിഷയം ആയതിനാല്‍ “നോ കമെന്റ്സ്”.വിമതന്റെ വ്യൂ-പോയിന്റ്സ് കണ്ടു, സംവേദിച്ച രീതി ഇഷ്ടമായി.

26/6/07 4:22 pm  
Blogger വിനയന്‍ said...

ഇന്ദിരയുടെ വളര്‍ത്തു ദോഷം ആയിരുന്നു അടിയന്തരാവസ്ഥയുടെ പ്രധാന കാരണം.കൊട്ടാരം വക കുളവും തോട്ടവും പോലെ തന്നെയാണ് ഈ മഹാരാജ്യവും എന്ന് ആ പാവം കരുതി.അടിയന്തരാവസ്ഥക്കു ശേഷം വന്ന ഇന്ദിരയെ കുറിച്ചുള്ള ഒരു പാട് ജീവചരിത്ര ക്യതികളില്‍ പറഞ്ഞിരിക്കുന്നു.അവരുടെ മാന്‍സികമായ പ്രശ്നങ്ങള്‍.കാര്യങ്ങള്‍ പിടിവിട്റ്റ് പോകുമെന്ന് കണ്ടപ്പോള്‍ മന്‍സ്സിലെ ഫാഷിസ്റ്റ് ഉണര്‍ന്നു എന്നതാണ് സത്യം.
പിന്നെയും പേരിനോട് “ഗാന്ദി” എന്ന് ചേര്‍ക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാവ്ന്നില്ലെ.മനുഷ്യാവകാശങ്ങള്‍ക്കും പൌരാവകാശങ്ങള്‍ക്കും വേണ്ടി ജീവിച്ചു മരിച്ച് ഒരു മനുഷ്യന്റെ പേരിന്റെ വാല്‍ തന്നെ വേണമോ.ഇങ്ങനെ ഒരാള്‍ക്ക്.
(ശ്രീമതി.സോണീയക്കും ഇത് ബാധകം)
ഇന്ത്യയിലെ സ്വാതന്ത്ര്യ ബോധമുള്ള ഓരോരുത്തനും ഭീതിയോടെ ഓര്‍ക്കുന്ന ദിനം ഒന്നു കൂടി ഓര്‍മിപ്പിച്ചതിന്‍ നന്ദി ശ്രീ.വിമതാ.

26/6/07 5:24 pm  
Blogger മൂര്‍ത്തി said...

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി....

26/6/07 8:31 pm  
Blogger രാജ് said...

ഗുപ്തന്‍ നായരുടെ പ്രസ്താവനയോട് വലിയൊരു അളവുവരെ യോജിക്കുന്നുവെങ്കിലും, തനിക്കു വേണ്ടുള്ള നാകവും നരകവും തന്റെ പങ്കില്ലാതെ മറ്റാരോ സൃഷ്ടിച്ചെടുക്കുന്നത് അനുഭവിക്കുമ്പോഴുള്ള സ്വാതന്ത്ര്യമില്ലായ്മ, നാകങ്ങളേക്കാള്‍ നരകങ്ങള്‍ അധികം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന്റെ പുരാവൃത്തങ്ങള്‍ എല്ലാം ഭയപ്പെടുത്തുന്നതാണ്.

26/6/07 9:40 pm  
Blogger vimathan said...

ദില്‍ബന്‍, ഡിങ്കന്‍, വിനയന്‍, മൂര്‍ത്തി, നന്ദി.
പെരിങോടരേ, പുരാവൃത്തങള്‍ അല്ല, മറിച്ച്, പെറ്റി ബൂര്‍ഷ്വകളുടെ ഈ സ്വര്‍ഗ്ഗരാജ്യ സങ്കല്‍പ്പത്തിന്റെ ഭാവിസാധ്യതകളാണ് എന്നെ ഭയപ്പെടുത്തുന്നത്.

27/6/07 8:49 am  
Blogger കണ്ണൂസ്‌ said...

ഒരിക്കല്‍ നായനാരോടുള്ള കുട്ടികളുടെ ഒരു സംഭാഷണം ഏഷ്യാനെറ്റ്‌ പ്രക്ഷേപണം ചെയ്തിരുന്നു. ഒരു കൊച്ചുമിടുക്കി നായനാരോട്‌ ചോദിച്ചു " ഇന്നത്തെ ഭരണത്തേക്കാള്‍ നല്ലതായിരുന്നില്ലേ ബ്രിട്ടീഷുകാരുടെ ഭരണം?" എന്ന്. ഒരു മിനിറ്റ്‌ ഷോക്കായി നിന്നു അദ്ദേഹം. അവതാരകന്‍ (ശ്രീകണ്ഠന്‍ നായര്‍ ആയിരുന്നു എന്ന് തോന്നുന്നു) കുട്ടിയുടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. " ഓള്‌ കുട്ടിയാണ്‌, വിവരമില്ലാതെ ചോദിക്കുകയാണ്‌. തനിക്കെത്ര വയസ്സായെടോ? നാണമില്ലേ ഈ ചോദ്യം ചോദിക്കാന്‍? പാരതന്ത്ര്യം അനുഭവിച്ചവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ വില അറിയൂ. " എന്ന്.

ഗുപ്തന്‍ നായര്‍ സര്‍ പറഞ്ഞ പോലെ സംഘടിത ന്യൂന പക്ഷം ജനാധിപത്യത്തെ ഹൈജാക്ക്‌ ചെയ്യുന്ന വസ്ഥ വന്നാല്‍, അത്‌ പരിഹരിക്കേണ്ടത്‌ ഭരണകൂടത്തിന്റെ കരിനിയമം കൊണ്ടല്ല, ജനങ്ങളുടെ, ജനപക്ഷത്തു നിന്നുള്ള, ക്രിയാത്‌മകമായ ഇടപെടലിലൂടെയാണ്‌. ഇത്തരം പ്രതികരണത്തിനു മടിക്കുന്ന - എല്ലാം ഭരണകൂടം ചെയ്തു തരട്ടേ എന്ന് വിചാരിച്ച്‌ മിണ്ടാതെ ഇരിക്കുന്ന - ജനതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്‌ കേരളത്തിലെ മധ്യവര്‍ഗ്ഗം. അതു കൊണ്ടു തന്നെയാണ്‌ അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും കോണ്‍ഗ്രസ്സ്‌ തോറ്റമ്പിയിട്ടും നമ്മുടെ ജനത അവര്‍ക്ക്‌ എല്ലാ സീറ്റുകളും കൊടുത്ത്‌ ജയിപ്പിച്ചതും. കേരളീയന്റെ രാഷ്ട്രീയ പ്രബുദ്ധത!! ത്‌ഫൂ!!!

27/6/07 9:54 am  
Blogger വിനയന്‍ said...

കണ്ണൂസ്

100 മാര്‍ക്ക്

:)))))

27/6/07 4:49 pm  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

This comment has been removed by the author.

27/6/07 5:50 pm  
Blogger ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇനി ഒരിക്കലും തിരിച്ചുവരാത്ത രാജന്‍മാരെ കാത്തിരിക്കാന്‍ ഈച്ചരവാര്യര്‍ മാരില്ലാത്ത ഒരു വാര്‍ഷിക ദിനം കൂടി. ഇനിയൊരിക്കലും ഒരു ജനതയുടെ ഇടയിലും ഏതൊക്കെ മദ്ധ്യവര്‍ഗ്ഗങ്ങള്‍ ന്യായീകരിച്ചാലും ഇത്തരം 
ഇരുണ്ടയുഗങ്ങള്‍ ഉണ്ടാകാതെയിരിക്കട്ടെ.
കണ്ണൂസിനോട് യോജിക്കുന്നു, കേരളത്തിലെ ജനങ്ങളുടെയൊരു രാഷ്ട്രീയ പ്രബുദ്ധത!.

27/6/07 5:52 pm  
Blogger രാജ് said...

‘സംഘടിത ന്യൂന പക്ഷം ജനാധിപത്യത്തെ ഹൈജാക്ക്‌ ചെയ്യുന്ന വസ്ഥ വന്നാല്‍, അത്‌ പരിഹരിക്കേണ്ടത്‌ ഭരണകൂടത്തിന്റെ കരിനിയമം കൊണ്ടല്ല, ജനങ്ങളുടെ, ജനപക്ഷത്തു നിന്നുള്ള, ക്രിയാത്‌മകമായ ഇടപെടലിലൂടെയാണ്’

കണ്ണൂസേ ഒരു വിമോചന സമരമൊക്കെ ഇപ്പോള്‍ ആസൂത്രണം ചെയ്യാന്‍ വല്യെ ചെലവാണ് ;)

DA

28/6/07 9:07 am  
Blogger കണ്ണൂസ്‌ said...

ശരിയായ വിമോചന സമരങ്ങള്‍ ആസൂത്രണം ചെയ്യപ്പെടേണ്ടതില്ല പെരിങ്ങ്‌സേ. അത്‌ സംഭവിച്ചു കൊള്ളും. :-)

28/6/07 10:07 am  
Blogger ചന്ത്രക്കാറന്‍ said...

ഇതിപ്പോഴാണ്‌ കണ്ടത്‌.

കണ്ണൂസ് പറഞ്ഞ അതേ ഞെട്ടല് ഓരോ ദിവസവും പല രൂപത്തില് ഞാനും മറ്റു സമാനമനസ്കരും അനുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്‌ -

"കഷ്ടമായിപ്പോയി ആ പാവം രാമസാമിയെ ചെവിമുറിച്ച് കടത്തിയത്..എന്തരായാലും പപ്പനാവദാസന്‍ പരണം നടത്തിയപ്പൊഴൊള്ള വികസനമൊക്കെയേ ജനകീയജനാധിപത്യ ഗോസായി കേന്ദ്രനും ബൂര്‍ഷ്വാ പെറ്റിബൂര്‍ഷ്വാ സംസ്ഥാനനും മാറിമാറി എരന്ന് നെരങ്ങിയിട്ടിവിടേയൊക്കെ ഉണ്ടായിട്ടുള്ളൂ..പിന്നെന്തിനീ കഷ്ടപ്പെട്ട് ഫെഡറല്‍ ജനാധിപത്യത്തിന് ചൂട്ടു പിടിയ്ക്കണത്?"

എന്ന്‌ അംബി, (അതേ, അംബി തന്നെ, നമ്മുടെ കണ്ഫ്യൂഷ്യസല്ല - ആണെങ്കില് ഞാന് ഞെട്ടില്ലായിരുന്നു!) പറയുമ്പോള് ഞാന് ഞെട്ടുന്നു. രൂക്ഷമായ എതിറ്പ്പ് ഉള്ളില് നുരഞുപൊന്തുമ്പോഴും പ്രതികരിക്കാന് വാക്കുകള് കിട്ടാതാകുന്നു. ഭരണമെന്നാല് വികസനമാണെന്ന്‌ അംബിയെപ്പോലൊരാള് കരുതുന്നുണ്ടെന്ന്‌ കരുതാന് നിറ്വ്വാഹമില്ല. പിന്നെ എന്താണ്‌ അംബിയെക്കൊണ്ടത്‌ പറയിപ്പിച്ചത്‌? ഇങ്ങനെ എത്റയെത്റ അനുഭവങ്ങള് ഓരോ ദിവസവും.

അടിയന്തിരാവസ്ഥക്കാലത്ത് സുപ്റീംകോടതിയിലെ വെക്കേഷന് ജഡ്ജിയായിരുന്ന, ഇന്ന്‌ മനുഷ്യാവകാശ അപ്പോസ്തലനായ, വി.ആര്. കൃഷ്ണയ്യറ് അലഹബാദ് ഹൈക്കോടതിവിധി സ്റ്റേ ചെയ്തുകൊടുത്തില്ലായിരുന്നെങ്കില് സ്വതന്ത്റൈന്ത്യയുടെ ചരിത്റത്തിലെ ഏറ്റവും വലിയ state sponsered മനുഷ്യാവകാശധ്വംസനം നടക്കില്ലായിരുന്നു. അദ്ദേഹമിപ്പോള് ഭാര്യയുടെ ആത്മാവിനോട്‌ സംസാരിക്കുന്ന തിരക്കിലായിരിക്കും, ആരും ദയവായി പഴയതൊന്നും ഓര്മ്മിപ്പിക്കരുത്‌, ഒരു വയോവൃദ്ധനല്ലേ!

മാതാപിതാക്കളുടെ ഒന്നാമത്തേയോ രണ്ടാമത്തേയോ സന്തതികളായി ജനിച്ചവറ്ക്കും അടിയന്തിരാവസ്ഥ അസ്വാസ്ത്യമുണ്ടാക്കുന്ന ഒന്നായിരിക്കില്ല. മൂന്നാമൂഴം മുതലുള്ളവറ് അടിയന്തിരാവസ്ഥ നിലനിന്നിരുന്നെങ്കില് ഒരുപക്ഷേ ഈ ലോകം കാണില്ലായിരുന്നു, തന്തമാര് സന്‌ജയ് ഗാന്ധിയുടെ വരിയുടക്കല് യജ്ഞത്തില് പെട്ടുപോയിരുന്നെങ്കില്.

ഗുപതന്നായരോട്‌ യോജ്ജിക്കുന്നവരോട് - ഓ.വി.വിജയന് സാഹിത്യം (ഖസാക്കും അപ്പുക്കിളിയും മാധവന്‌നായരും ചെറിയമ്മയും മൈമുനയും) മാത്രമല്ല എഴുതിയുട്ടുള്ളത്‌. അദ്ദേഹം ഒരുപക്ഷേ ഇത്യയിലെത്തന്നെ ഏറ്റവും പ്റമുഖനായ രാഷ്ട്റീയനിരീക്ഷകന് കൂടിയായിരുന്നു. അടിയന്തിരാവസ്ഥയെയും അതിലടങ്ങിയ വിധേയത്വമനശാസ്ത്രത്തേയും ഇത്റ്യും കൂലങ്കുഷമായി വിലയിരുത്തിയിട്ടുള്ള മറ്റാരേയും ഞാന് വായിച്ചിട്ടില്ല. ഏതെങ്കിലും പത്തു ലേഖനമെടുത്തുവായിച്ചാല് അതില് രണ്ടെണ്ണം അടിയന്തിരാവസ്ഥയെക്കുറിച്ചായിരിക്കും.

"സ്വാത്ന്ത്റ്യം തന്നെയമൃതം
സ്വാത്ന്തൃം തന്നെ ജീവിതം
പാരതന്ത്റ്യം മാനികള്ക്ക്
മൃതിയേക്കാള് ഭയാനകം"

അതെ, മാനികള്ക്കുമാത്റമാണ്‌ അത്‌ മൃതിയേക്കാള് ഭയാനകമാകുന്നത്‌ - ബ്റോയ്ലറ് കോഴിക്കൂടിന്‌ വാതില് വക്കുന്നത് കുറുക്കന് അകത്തുകേറാതിരിക്കാനാണ്‌, കോഴി പുറത്തുപോകാതിരിക്കാനല്ല. എത്റകാലം വാതില് തുറന്നുവച്ചാലും അവ പുറത്തുപോകില്ല.

3/7/07 11:28 am  
Blogger vimathan said...

ചന്ത്രക്കാറന്‍, പോസ്റ്റിന്റെ രാഷ്ട്രീയമറിഞ്ഞ് അഭിപ്രായം എഴുതിയതിന് വളരെ നന്ദി.

3/7/07 12:26 pm  
Blogger കാളിയമ്പി said...

പ്രീയ ചന്ത്രക്കാരന്‍

അന്ന് ശ്രീമാന്‍ ചുള്ളിക്കാട് ടിബറ്റില്‍ അഭയാര്‍ത്ഥികളുടെ കാര്യത്തിലാണ് ആ പോസ്റ്റിട്ടത്.പക്ഷേ ടിബറ്റിലെ അഭയാര്‍ത്ഥികളുടെ കാര്യം പറഞ്ഞപ്പോഴും,പുസ്തക പരിചയപ്പെടുത്തിയപ്പൊഴും അതിനെ കാശ്മീരിന്റേയും സിക്കിമിന്റേയും സ്വാതന്ത്ര്യ സമരവുമായി കൂട്ടിക്കുഴച്ച് ഒരു ചെറിയ പ്രസ്താവന ആരും ശ്രദ്ധിയ്ക്കാതെ അതിനിടയില്‍ അദ്ദേഹം തിരുകിരുന്നു.

കാശ്മീരിലേയും സിക്കിമിലേയും സ്വാതന്ത്ര്യ സമരം അനുവദിയ്ക്കാത്ത ഭാരതീയര്‍ അവസരവാദികളെന്നോ മറ്റോ...വെറും ഒറ്റ സെന്റന്‍സ്..അരും ശ്രദ്ധിയ്ക്കാതെ..
(ശരിയ്ക്കും ഓര്‍മ്മയില്ല ഒറിജിനല്‍ കാണുന്നില്ലല്ലോ..അത് ഡിലീറ്റ് ചെയ്തു..:()

അതില്‍ സിക്കിമിന്റെ കാര്യത്തില്‍ എനിയ്ക്ക് അത്ര അറിവില്ല.അവിടെ പോയിട്ടുള്ള കൂട്ടുകാരന്‍ ഇവന്‍ ഇന്‍ഡ്യയില്‍ നിന്ന് വരുന്നു എന്നാണവര്‍ പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്.

കാശ്മീരില്‍ ഇന്ന് ഒരു ഹിത പരിശോധന നടത്തിയാല്‍ ഭൂരിഭാഗവും സ്വന്തം സ്ഥാനു??? വേണ്ടി അഭിപ്രായം പറയും എന്ന വിശ്വാസത്തിനു കാരണം ആ നാട്ടില്‍ നടന്നുവരുന്ന ഒരു ജീനൊസൈഡാണ്.(തീവ്രവാദികള്‍ നടത്തുന്ന ജീനൊസൈഡും ജീനൊസൈഡാണല്ലോ.അത് ഭരണകൂട ഭീകരത തന്നെ ആവണമെന്നില്ല.) കാശ്മീര്‍ പണ്ഡിറ്റുകളെന്ന ന്യൂനപക്ഷത്തിനെ വളരെ വിദഗ്ധമായി കൊന്നൊടുക്കുകയും അവിടെ നിന്നോടിച്ച് അഭയാര്‍ത്ഥികളാക്കുകയും ചെയ്തിട്ടുണ്ട്. നാമൊക്കെ കാണാന്‍ മടിയ്ക്കുന്നൊരു ന്യൂനപക്ഷം. അവരെ , വലിയ കവിയായ ശ്രീമാന്‍ ചുള്ളിക്കാട് കാണുന്നില്ല എന്നും അഭയാര്‍ത്ഥികളെ കാണുമ്പോഴും മെറൂണ്‍ (ബുദ്ധ സന്യാസികളുടെ തുണിനിറം..ദമ്മ എന്നത് ചുള്ളിക്കാടിന്റെ സ്വന്തം മതപരമായ ഒരു ബിംബം. ധര്‍മ്മം എന്ന് അര്‍ത്ഥം വരുന്ന പാലി വാക്ക്) യുടെ കണ്ണാടി വച്ച് നോക്കുന്നതിനെതിരേ വികാരപരമായി ഞാന്‍ ഇട്ട കമന്റാണിത്.

അതായത് ഇന്ന് നമ്മള്‍ കാണുന്ന ഈ ഭാരതം എന്ന ഒരു കണ്‍സെപ്റ്റ് ഉരുത്തിരിഞ്ഞു വരുന്ന സമയത്ത്, (ബൂര്‍ഷ്വാ ജനാധിപത്യ രാജ്യസ്നേഹത്തിന്റെയുള്ളില്‍ നിന്ന് പറയുകയാണെങ്കില്‍ ) കേരളം (തിരുവിതാംകോട്..) സ്വതന്ത്ര രാജ്യമായി ഇന്ന് കാണുന്ന ശ്രീലങ്ക പോലെയൊക്കെ നില്‍ക്കും എന്ന് പറഞ്ഞതിനാണല്ലോ രാമസ്വാമിദ്ദേഹത്തെ ഓടിച്ചത്..(പശ്ചാത്തലത്തില്‍ നടന്ന സമരങ്ങളും) അദ്ദേഹം ഇന്നത്തെ കാശ്മീര്‍ വാദികള്‍ പറയുന്നതിനപ്പുറമൊന്നും പറഞ്ഞില്ല. സീപീയും കാശ്മീര്‍ വാദികളും തുല്യം. അപ്പൊ സീ പിയേയും നിലനിര്‍ത്തണമായിരുന്നോ എന്ന് ചുള്ളികാടേട്ടനോട് ചോദിച്ചതാണ് ഞാനാ കമന്റില്‍.കാശ്മീര്‍ മാത്രമല്ല തമിഴനും കേരളീയനും ഉത്തരപ്രദേശത്തനുമൊക്കെ സ്വാതന്ത്ര്യം വാങ്ങിപ്പോട്ട് എന്തിനു തടുക്കുന്നു എന്ന മട്ടില്‍.

(ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാസ്റ്റിക്കായി എഴുതിയതാണെന്ന് അര്‍ത്ഥം.ഞാന്‍ സീ പീ യെ അനുകൂലിയ്ക്കുന്നില്ല. വികസനമെന്നെഴുതിയതും സര്‍ക്കാസ്റ്റിയ്ക്കായിത്തന്നെ.. ..വികസനമെന്ന് പറയുന്നത് നല്ല റോഡുകളും കോളെജുകളും വൃത്തിയും (അതൊക്കെയാണല്ലോ പദ്മനാഭദാസന്മാര്‍ ആദ്യം ചെയ്തത്) ഒന്നുമല്ലെന്നും സ്വാതന്ത്ര്യം തന്നെയാണെന്നും നിവര്‍ന്ന് നിന്ന് പറയാനുള്ള സ്വാതന്ത്ര്യമാണ് ഈ കാണുന്ന ഫെഡറല്‍ ജനാധിപത്യമെന്ന ബൂര്‍ഷ്വാ ജനാധിപത്യം ശകലമെങ്കിലും നമുക്ക് തരുന്നതെന്നുമാണ് ഞാന്‍ പറഞ്ഞത്..ചന്ത്രക്കാരന്റെ തന്നെ അഭിപ്രായമാണ് ഈ വിഷയത്തിലും എനിയ്ക്കുള്ളത്)

ഭാഷയിലെ പക്വതയില്ലായ്മയും ആശയം വ്യക്തമായി പറയാഞ്ഞതും ക്ഷമിയ്ക്കുക.ഇനിയാ കമന്റ് ഒന്നൂടേ വായിച്ച് നോക്കുക..:)
ഇവിടെയുണ്ട്


ചന്ത്രക്കാരന് നന്ദി..കൗണ്ടറുണ്ടെങ്കില്‍ വിമതനു കാണാം ഞാന്‍ കുറെനേരം കഴിഞ്ഞ ദിവസങ്ങളിലീ പോസ്റ്റില്‍ വന്ന് കറങ്ങി നിന്നത്..എന്ത് പറയാന്‍..കിടിലം പോസ്റ്റെന്ന് കമന്റിടാന്‍ പറ്റുമോ..എന്തായാലും മറുപടിയെന്ന രീതിയിലെങ്കിലും ഇത്രയെമെഴുതിയിടാന്‍ കഴിഞ്ഞല്ലോ..:)

ഒരു വിധത്തില്‍ അടിയന്തിരാവസ്ഥ നന്നായി (തല്ലരുത്..) അല്ലെങ്കില്‍ ഇന്നും പ്രസിഡന്‍ഷ്യല്‍ ഭരണമെന്നും പോലീസ് ഭരണമെന്നും മറ്റും ഉറഞ്ഞു തുള്ളുന്നവന്മാരോട് പൊട്ടിയ എല്ലുകളെ സാക്ഷിനിര്‍ത്തി സംസാരിയ്ക്കാന്‍ പറ്റില്ലായിരുന്നു..നമ്മുടെ എല്ലുകള്‍ പൊട്ടിത്തകര്‍ന്നാലും ഇതിനെ അതുപടി നിലനിര്‍ത്തണമെന്ന് തോന്നില്ലായിരുന്നു.അതിലുപരി മധുരമനോജ്ഞ റഷ്യയില്‍ മഴപെയ്യുമ്പോള്‍ കുടപിടിച്ച് പോന്ന ചില നേരുള്ളവര്‍ക്കെങ്കിലും അത് പൂര്‍ണ്ണമായും ശരിയോ എന്നൊരു തോന്നലുമുണ്ടാക്കി..ശ്രീമതി ഗാന്ധിയ്ക്ക് തൂറാന്‍ മുട്ടിയത് കാരണം..

പ്രമോദമാര്‍ക്ക് നഷ്ടപ്പെട്ട ആറുവര്‍ഷങ്ങളെ കുറച്ച് കാണുകയാണെന്ന് വിചാരിയ്ക്കരുത്..പപ്പന്‍ ചേട്ടന്മാരെ ഓര്‍ക്കാതെയുമല്ല ..

4/7/07 5:47 am  
Blogger vimathan said...

അംബീ, അഭിപ്രായം എഴുതിയതിനും, തെറ്റിദ്ധാരണകള് ഒഴിവാക്കിതന്നതിനും നന്ദി. കഷ്മീര്‍ പ്രശ്നത്തെപറ്റി എഴുതിയത് കണ്ടു. മുന്‍പ് ദേവന്റെ ബ്ലൊഗില്‍ ഒരു ചര്‍ച്ചയില്‍ കഷ്മീര്‍ പ്രശ്നം സംബന്ധിച്ച് ഞാന്‍ എഴുതിയ ഒരു കമന്റ് താഴെ കൊടുക്കുന്നു.

“കഷ്മീറിന്റെ സ്വാതന്ത്രയ്ത്തെപറ്റി കമെന്റ് കണ്ടതുകൊണ്ട് എഴുതുന്നു. ( ദേവന്‍, ഓ ടോ യ്ക്ക് മാപ്പ് ). ചരിത്രം പറയുന്നത് ഇങനെ. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പൊള്‍ ജമ്മു കഷ്മീര്‍ ഒരു ഹിന്ദു രാജാവു ഭരിച്ചിരുന്ന , മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഒരു നാടുരാജ്യമായിരുന്നു.കഷ്മീറില്‍ പ്രധാനമായും മൂന്നു പ്രവിശ്യകളുണ്ട്. കഷ്മീര്‍ താഴ്വര, ജമ്മു, ലഡാക്ക് എന്നിങനെ. അതില്‍ ജമ്മുവില്‍ മാത്രമാണ് ഹിന്ദു ഡൊഗ്രികള്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. ( ഇപ്പോഴും അങിനെ തന്നെ). കഷ്മീര്‍ താഴ്വരയില്‍ സുന്നികളായ കഷ്മീറി മുസ്ലീമുകളായിരുന്നു ഭൂരിപക്ഷം, ഇന്നും അങിനെ തന്നെ. ലഡാക്കില്‍ ബുദ്ധമതക്കാരും, പിന്നെ ഷിയാ മുസ്ലീമുകളും.1947ല്‍ ബ്ബ്രിട്ടന്‍ ഇന്ത്യക്കും, ഇവിടുത്തെ നാടുരാജ്യങള്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍, നാട്ടുരാജ്യങള്‍ക്ക്, ഒന്നുകില്‍, സ്വതന്ത്രരാജ്യമായി നില്‍ക്കാനോ, അലെങ്കില്‍ ഇന്ത്യന്‍ യൂണിയനിലോ, പാകിസ്താനിലോ ചേരാനുള്ള ചോയ്സ് നല്‍കിയിരുന്നു. എന്നാല്‍ 1947ല്‍, കഷ്മീറിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും തന്നെ ഇന്ത്യയിലൊ, പാകിസ്താനിലോ, ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം. ജമ്മുവിലെ ഹിന്ദുക്കളെ പ്രതിനിധീകരിച്ചിരുന്ന, ഹിന്ദു മഹാരാജാവിനെ പിന്താങ്കിയിരുന്ന, പിന്നീട്, ആര്‍ എസ്സ് എസ്സിനെയും, ഹിന്ദു മഹ സഭയെയും അനുകൂലിച്ച രാജ്യ ഹിന്ദു സഭ, കഷ്മീര്‍ മഹരാജാവിനു കീഴിലുള്ള ഒരു സ്വതന്ത്ര കഷ്മീര്‍ രാജ്യത്തിനു വേണ്ടി പ്രമേയം പാസ്സാക്കുക്കയാണ് ഉണ്ടായ്ത്. പിന്നീട് പാകിസ്താന്‍ അനുകൂലികളായി മാറിയ മുസ്ലിം കോണ്‍ഫെറെന്‍സും ഒരു സ്വതന്ത്രകഷ്മീര്‍ പ്രമേയമാണ് പാസ്സാക്കിയത്. ജയിലിലായിരുന്ന ഷെയ്ക്ക് അബ്ദള്ളയും ഇതേ വികാരം പങ്കുവച്ചുകൊണ്ട് കഷ്മീര്‍ മഹരാജാവിന് കത്തെഴുതുകയുണ്ടായി എന്നു പറയപ്പെടുന്നു. അന്നു ഇന്ത്യന്‍ യൂണിയനില്‍ ചേരാതിരുന്ന മഹരാജാവ്, പിനീട് പാകിസ്താന്‍ ആക്രമിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയായിരുന്നു. അന്ന് നെഹ്രു ഉറപ്പുകൊടുത്തപോലെ ഒരു ഹിത പരിശോധന നടത്തിയിരുന്നെങ്കില്‍ ഒരു സ്വതന്ത്രകഷ്മീര്‍ ഉണ്ടായേനെ, എന്നാല്‍ ഇത്രയും നാളത്തെ ഇന്ത്യന്‍ ഭരണത്തിനു ശേഷം ഒരു ഹിത പരിശോധന നടത്തിയാല്‍ സ്വതന്ത്രകഷ്മീറിനു പകരം പാകിസ്താനില്‍ ലയിക്കണമെനാകും ഭൂരിപക്ഷാഭിപ്രായം. ജനാധിപത്യത്തെക്കുറിച്ച് വായ്തോരാതെ പ്രസംഗിക്കുമെങ്കിലും പണ്ട് കഷ്മീറികള്‍ക്ക് ഉറപ്പ് കോടുത്തപോലെ ഒരു ഹിത പരിശോധന നടത്താന്‍ ഇന്ത്യക്ക് ധൈര്യമില്ല എന്നാതാണ് വസ്തുത. ഇത് കഷ്മീറിന്റെ കഥ. ”

അംബീ, പിന്നെ അംബി ഉന്നയിച്ച കഷ്മീരി പണ്ഡിറ്റുകളുടെ കാര്യം. അത് കഷ്മീരിന്റെ സ്വാതന്ത്ര്യ സമരം, സെക്യുലറായിരുന്ന പ്രസ്ഥാനങളുടെ പക്കല്‍ നിനും ഇസ്ലാമിക മതമൌലികവാദ പ്രസ്ഥാനങള്‍ ഹൈജാക് ചെയ്തതിന് ശെഷം സംഭവിച്ചതാണ്. പക്ഷെ ജെ കെ എല്‍ എഫ് അടക്കമുള്ള സെക്യുലര്‍ പ്രസ്ഥാനങളെ തകര്‍ത്ത് ജിഹാദി സംഘടനകള്‍ക്ക് സ്വാധീനമുണ്ടാവുന്ന സാഹചര്യമൊരുക്കുന്നതില്‍ പാകിസ്ഥാനും അവരെ പിന്താങ്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക മതമൌലികവാദ പ്രസ്ഥാനങള്‍ക്കും, ഇസ്ലാമിക രാജ്യങല്‍ക്കും മാത്രമല്ലാ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നയങള്‍ക്കും ഒരേപോലെ സംഭാവനകളുണ്ട് എന്നതാണ് സത്യം.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ “ഭരണകൂട ഭീകരതകള്‍” അക്കമിട്ട് നിരത്താന്‍ അത്യുത്സാഹം കാണിക്കുന്ന പല മനുഷ്യാവകാശ / ഇടതുപക്ഷ സംഘടനകളും , മറുവശത്ത് ജിഹാദി സംഘടനകള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങളും, മനുഷ്യാവകാശ ലംഘനങളും,( പ്രത്യേകിച്ച് കഷ്മീരിലെ ന്യൂനപക്ഷങള്‍ക്കെതിരെ നടത്തുന്ന) കണ്ടില്ലാ എന്ന് നടിക്കാറുണ്ട് എന്നതും ശരിയാണ്.

4/7/07 10:47 am  
Blogger Pramod.KM said...

ഇപ്പോഴാണ്‍ ഈ പോസ്റ്റ് കണ്ടത്.വിമതന് നന്ദി.
അടിയന്തിരാവസ്ഥക്കു ശേഷം നമ്മുടെ യുവതലമുറയുടെ പ്രതിഷേധത്തിനും വീര്യത്തിനും ഇടിവു വന്നിട്ടുണ്ടെന്നാണ് എന്റെ അറിവ്.ആ നിലക്ക് ഭരണകൂടത്തിന്റെ വിജയവും പുരോഗമനചിന്താഗതിക്കാരുടെ പരാജയവും തന്നെ ആയിരുന്നു അടിയന്തിരാവസ്ഥ.അടിയന്തിരാവസ്ഥ വന്നില്ലായിരുന്നെങ്കില്‍ ഒരു വിപ്ലവാത്മകമായ ഭാവിക്കു വേണ്ടുന്ന എല്ലാ കോപ്പുകളും സംഘടിപ്പിക്കുമായിരുന്നു അന്നത്തെ യുവത എന്നാണ്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
നേരാംവണ്ണം ഒരു ജാഥ വിളിക്കാന്‍ പോലും കഴിയാത്ത വണ്ണം നിഷ്ക്രിയരായിരിക്കുന്നു നാം...
ഓ.ടോ: അടിയന്തിരാവസ്ഥയില്‍ ജയില്പീഢനം അനുഭവിച്ചവറ്ക്ക് പെന്‍ഷന്‍ വേണം എന്നു പറഞ്ഞ് ഒരു പ്രകടനം ഉണ്ടായിരുന്നു,കഴിഞ്ഞ മാസാവസാനം കണ്ണൂരില്‍. ഒരു കാലത്ത് വിപ്ലവം തുളുമ്പിയിരുന്ന കണ്ണുകളില്‍,ദൈന്യതയും,ഒരു കാലത്ത് ഫലേച്ഛകൂടാതെ എടുത്തു ചാട്ടം നടത്തിയവരുടെ മനസ്സില്‍, നക്കാപ്പിച്ചയെ കുറിച്ചുള്ള വേവലാതിയും കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം കണ്ണടച്ചു.

4/7/07 5:51 pm  
Blogger പരാജിതന്‍ said...

വിമതാ, ലേഖനം നേരത്തേ തന്നെ വായിച്ചിരുന്നു. കമന്റുകള്‍ പലതും ഇപ്പോഴാണ്‌ കാണുന്നത്‌.

ഗുപ്‌തന്‍ നായരുടെ ഡയലോഗിനെപ്പറ്റി: അദ്ദേഹത്തിന്റെ ഗദ്യം പോലെ തന്നെ ശുഷ്കവും ഉപരിപ്ലവവുമാണ്‌ ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്ന അഭിപ്രായവും.

ബാലചന്ദ്രന്റെ പോസ്റ്റിന്‌ അംബിയിട്ട കമന്റ്‌ 'സര്‍ക്കാസ്റ്റിക്‌ ടോണി'ല്‍ എഴുതിയതാണെന്നു മനസ്സിലായിരുന്നു. പക്ഷേ, അതേ സമയം തന്നെ തെറ്റിദ്ധാരണാജനകമാകാന്‍ സാധ്യതയുള്ള ഒന്നാണതെന്നും തോന്നിയിരുന്നു. അതുപോലെ തന്നെ, അംബിയുടേതു പോലെ രൂക്ഷപരിഹാസം അര്‍ഹിക്കുന്ന ഒന്നായിരുന്നില്ല ബാലചന്ദ്രന്‍ കാശ്മീരിനെക്കുറിച്ച്‌ ചെയ്ത പരാമര്‍ശം എന്നാണെന്റെ ഓര്‍മ്മ. പല പ്രദേശങ്ങളെയും ഇന്ത്യന്‍ യൂണിയനില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ ചേര്‍ത്തതെന്ന സത്യം കൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചെയ്തതെന്നാണ്‌ എന്റെ തോന്നല്‍. (അടിയന്തിരാവസ്ഥക്കാലത്ത്‌ പല ബുദ്ധിജീവികളും എടുത്ത നിലപാടുകളെ പില്‌ക്കാലത്ത്‌ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു ബാലചന്ദ്രന്‍ എന്നതും ഓര്‍മ്മ വരുന്നു.)

ചന്ത്രക്കാരന്‍ ഒ.വി. വിജയനെപ്പറ്റി പറഞ്ഞ ഭാഗം ശ്രദ്ധേയമാണ്‌. പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ്‌, വിജയന്റേയും ആനന്ദിന്റെയുമൊക്കെ 'സാഹിത്യ'ത്തെപ്പറ്റി ആവേശം കൊള്ളുന്ന പലരും അതേ എഴുത്തുകാരുടെ രാഷ്ട്രീയവീക്ഷണങ്ങളെപ്പറ്റി മൗനം പാലിക്കുകയും കടകവിരുദ്ധമായ ന്യായങ്ങള്‍ പറയുകയുമൊക്കെ ചെയ്യുന്നത്‌. അവര്‍ക്കാണോ അതോ പ്രസ്തുത എഴുത്തുകാര്‍ക്കാണോ ബൗദ്ധികസത്യസന്ധതയില്ലാത്തത്‌? സംശയിക്കേണ്ട അവസ്ഥയാണ്‌!

പ്രമോദെ, അടിയന്തിരാവസ്ഥക്കാലത്തും മറ്റും പീഡനമനുഭവിച്ചവരില്‍ കൊള്ളാവുന്നവരെല്ലാം അക്കാലത്തോ അധികം വൈകാതെയോ കാലപുരി പൂകിയെന്നാണ്‌ തോന്നുന്നത്‌. ഇല്ലെങ്കില്‍ പില്‌ക്കാലത്ത്‌ തലയുയര്‍ത്തി നടക്കുകയും നാട്‌ ഭരിക്കുകയുമൊക്കെ ചെയ്ത പലരും ജീവനോടെയിരിക്കില്ലായിരുന്നു. അതു കൊണ്ട്‌, ബാക്കി വന്നവര്‍ പെന്‍ഷനു വേണ്ടി കെഞ്ചിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

5/7/07 10:16 am  
Anonymous Anonymous said...

സ്വതന്ത്ര ഇന്ത്യയില്‍ ഭരണകൂട ഭീകരതയുടെയും, ഫാസിസത്തിന്റെയും പ്രധമ ആസൂത്രിത പരീക്ഷണം- അടിയന്തരാവസ്ഥ- നമുക്കു മറക്കാതിരിക്കാം!

വിമതന്‍, ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.

റസാഖ്

10/7/07 4:22 pm  
Blogger വെള്ളെഴുത്ത് said...

അടിയന്തിരാവസ്ഥയെക്കുറിച്ച് പറയുമ്പോഴൊക്കെ നാം മറന്നു പോകുന്ന ഒരു കാര്യം അതിനെ തുടര്‍ന്നു വന്ന സര്‍ക്കാര്‍ ഇന്ദിരാഗാന്ധി ദുഷ്ടലാക്കോടെ ഭരണഘടനയില്‍ വരുത്തിയ ഭേദഗതികളെ തിരുത്തി എന്നതും പൌരാവകാശങ്ങള്‍ക്ക് നിയമപരമായ സുരക്ഷ നല്‍കുകയും ചെയ്തു എന്ന കാര്യമാണ്. ജനാധിപത്യത്തിന്റെ ഉള്ളിലായതു കൊണ്ടുമാത്രം സാദ്ധ്യമായ കാര്യം!71 മുതല്‍ ഇന്ദിര പടിപടിയായി അടിയന്തിരാവസ്ഥയിലേയ്ക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു. പ്രഖ്യാപിത ഇടതുപക്ഷങ്ങള്‍ അന്ന് എന്തു ചെയ്യുകയായിരുന്നു എന്നു വിമര്‍ശിക്കുന്നതിലര്‍ഥമില്ല. കാരണം ഒരു മാവോയോ പോള്‍‌പോര്‍ട്ടോ സ്റ്റാലിനോ ഇന്ദിരാഗാന്ധി ചെയ്തതില്‍ കുറഞ്ഞൊന്നും ചെയ്യാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ തയ്യാറാവില്ല. സമാനമായ സ്ഥിതി നമുക്കിപ്പോഴുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകന്ന് ഒരു തരം രാജഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നമ്മളാകട്ടെ അതെല്ലാം സ്വാഭാവികം എന്ന മട്ടില്‍ സ്വീകരിച്ചും കൊണ്ടിരിക്കുന്നു...

16/9/07 8:17 pm  
Anonymous Anonymous said...

വിനയനറിയാന്‍...
നെഹ്രുവിന് ഇഷ്ടമായിരുന്നില്ല, ഇന്ദിര, ഫിറോസ് ഘണ്ടി എന്ന പാഴ്സിയെ കല്യാണം കഴിക്കുന്നത്. എന്നാല്‍ ഒടുവില്‍ മകളുടെ പിടിവാശിക്കു വഴങ്ങുകയായിരുന്നു, മഹാത്മാ ഗാന്ധികൂടി ഇന്ദിരയെ അനുകൂലിച്ചപ്പോള്‍. അന്നു നെഹ്രു ആവശ്യപ്പെട്ടപ്രകാരം ഫിറോസ് തന്റെ പേര്‍ മാറ്റിയതാണ് “ഗാന്ധി” എന്ന്.ഇതു മഹാത്മാ ഗാന്ധിയുടെ പൌത്രി, സരസ്വതി ഗാന്ധി, എല്ലാവര്‍ക്കും അറിവുള്ളതാണെന്ന മട്ടില്‍, ഒരഭിമുഖത്തില്‍ (കേരളത്തില്‍ വന്നപ്പോള്‍) പറഞ്ഞതാണ്.

31/5/08 3:33 am  
Blogger B Shihab said...

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി....

14/11/08 6:39 pm  
Blogger വിരല്‍ത്തുമ്പ് said...

This comment has been removed by the author.

6/11/10 2:36 am  
Blogger വിരല്‍ത്തുമ്പ് said...

എഴുതിയത് എല്ലാം ശരിതന്നെയാണ്......
നന്നായിട്ടുണ്ട്‌
http://viralthumbu.blogspot.com/

6/11/10 2:39 am  

Post a Comment

<< Home